നേപ്പാളിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരിയടക്കം 51 പേർ
Saturday, September 13, 2025 12:16 AM IST
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി യുവാക്കളുടെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യക്കാരിയടക്കം 51 പേർ. കൊല്ലപ്പെട്ടവരിൽ മൂന്നു പോലീസുകാരും ഉൾപ്പെടുന്നു.
മഹാരാജ്ഗഞ്ച് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രിയിൽ ഇന്നലെ 36 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തിങ്കളാഴ്ച ജെൻ സി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പിൽ വിദ്യാർഥികളടക്കം 19 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.
ഗാസിയാബാദ് സ്വദേശിനി രാജേഷ് ദേവി ഗോല (55) ആണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരി. ഭർത്താവ് രാംവീർ സിംഗ് സൈനിക്കു പരിക്കേറ്റു.
ചൊവ്വാഴ്ച ഇവർ താമസിച്ചിരുന്ന ഹോട്ടലിനു പ്രതിഷേധക്കാർ തീയിട്ടിരുന്നു. തുടർന്ന് നാലാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രാജേഷ് ദേവി വീണു മരിച്ചത്. ഭർത്താവിനൊപ്പം പശുപതിനാഥ് ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയതായിരുന്നു രാജേഷ് ദേവി. ഇവരുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.
ഇന്ത്യക്കാരുടെ ബസിനു നേർക്ക് ആക്രമണം
മഹാരാജ്ഗഞ്ച്: കാഠ്മണ്ഡുവിലെ പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഇന്ത്യക്കാരായ തീർഥാടകരുടെ ബസിനു നേർക്ക് ആൾക്കൂട്ടത്തിന്റെ ആക്രമണം. നിരവധി പേർക്കു പരിക്കേറ്റെന്നു ബസ് ഡ്രൈവർ പറഞ്ഞു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സോനൗലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. 49 ഇന്ത്യക്കാരായിരുന്നു ബസിലുണ്ടായത്. കല്ലേറിൽ ബസിന്റെ വിൻഡോ ഗ്ലാസുകൾ തകർന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാർക്കു പരിക്കേറ്റു. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.