റഷ്യക്കു നേർക്ക് 221 ഡ്രോണുകൾ തൊടുത്ത് യുക്രെയ്ൻ
Saturday, September 13, 2025 12:16 AM IST
മോസ്കോ: യുക്രെയ്ൻസേന സേന തൊടുത്ത 221 ഡ്രോണുകൾ നിർവീര്യമാക്കിയെന്ന് റഷ്യ അറിയിച്ചു. ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നും ഏതാനും പേർക്കു പരിക്കേറ്റെന്നുമാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്.
യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മോസ്കോ അടക്കം റഷ്യയിലെ പത്തിലധികം മേഖലകളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. റഷ്യയുടെ എണ്ണ കയറ്റുമതി മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രിമോർസ്ക് തുറമുഖത്ത് ഒരു കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണയ്ക്കാൻ കഴിഞ്ഞു.
ഇതിനിടെ, റഷ്യയും സുഹൃദ്രാജ്യമായ ബലാറൂസും ചേർന്ന് ഇന്നലെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. നാലു വർഷം കൂടുന്പോൾ പതിവായി നടത്താറുള്ള സൈനികാഭ്യാസമാണിത്. പോളണ്ടിന്റെ വ്യോമമേഖലയിൽ പ്രവേശിച്ച റഷ്യൻ ഡ്രോണുകൾ വെടിവച്ചിടപ്പെട്ടതിനു പിന്നാലെയാണ് ഇത്തവണത്തെ അഭ്യാസം ആരംഭിച്ചിരിക്കുന്നത്.