നാറ്റോ കിഴക്കൻ മുന്നണിയിലേക്ക് സൈനികരും യുദ്ധവിമാനങ്ങളും
Saturday, September 13, 2025 12:16 AM IST
വർസോ: റഷ്യൻ ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തി ലംഘിച്ച പശ്ചാത്തലത്തിൽ നാറ്റോ സൈനികസഖ്യം കിഴക്കൻ മുന്നണി ശക്തിപ്പെട്ടാൻ നീക്കങ്ങളാരംഭിച്ചു.
പോളണ്ട് ഉൾപ്പെടുന്ന കിഴക്കൻ മുന്നണിയിലേക്കു സൈനികരെ അയയ്ക്കുന്നതിനു പുറമേ യുദ്ധവിമാനങ്ങളും പീരങ്കികളും വിന്യസിക്കുമെന്ന് ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു.
റഷ്യൻ വിദൂര പ്രദേശമായ കാളിനിൽഗ്രാഡുമായി അതിർത്തിയുള്ള ലിത്വാനിയയിൽ ജർമൻ സേനയിലെ ഒരു ബ്രിഗേഡിനെ വിന്യസിക്കും എന്നാണു റിപ്പോർട്ട്. പോളണ്ടിനു വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കുമെന്ന് നെതർലൻഡ്സും ചെക്ക് റിപ്പബ്ലിക്കും അറിയിച്ചു.
പോളിഷ് വ്യോമമേഖല സംരക്ഷിക്കാനായി മൂന്നു റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അറിയിച്ചു. ബ്രിട്ടനും പോളണ്ടിലേക്കു യുദ്ധവിമാനങ്ങൾ അയയ്ക്കും എന്നാണ് സൂചന.
ബുധനാഴ്ച പോളിഷ് വ്യോമമേഖലയിൽ പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ വെടിവച്ചിടുകയായിരുന്നു. സംഭവത്തിൽ റഷ്യക്ക് അബദ്ധം പറ്റിയതാകാം എന്നായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.