ട്രംപിനു മുന്നിൽ മുട്ടുമടക്കാതെ ബ്രസീൽ; ബോൾസൊനാരോയ്ക്ക് 27 വർഷം തടവ്
Saturday, September 13, 2025 12:16 AM IST
ബ്രസീലിയ: 2022ലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാനായി സൈനിക അട്ടിമറിക്കു പദ്ധതിയിട്ടെന്ന കുറ്റം തെളിഞ്ഞ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കു ബ്രസീലിയൻ സുപ്രീംകോടതി 27 വർഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചു. 2060 വരെ പൊതുപദവികൾ വഹിക്കുന്നതിനും വിലക്കേർപ്പെടുത്തി. എഴുപതുകാരനായ ബോൾസൊനാരോ ശിഷ്ടകാലം ശിക്ഷ അനുഭവിച്ചു തീർക്കേണ്ടിവരും.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചുങ്കഭീഷണികൾക്കുമുന്നിൽ തലകുനിക്കാതെയാണു ബ്രസീലിയൻ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ഉറ്റമിത്രമായ ബോൾസൊനാരോയെ വിചാരണ ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ബ്രസീലിനെതിരേ 50 ശതമാനം ചുങ്കം ചുമത്തിയത്. ബ്രസീലിന്റെ നിയമവ്യവസ്ഥയിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് അവിടത്തെ പ്രസിഡന്റ് ലുലാ ഡാ സിൽവ വ്യക്തമാക്കിയിരുന്നു.
2019 ജനുവരി ഒന്നിന് അധികാരമേറ്റ ബോൾസൊനാരോ 2022 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ലുലാ ഡാ സിൽവയോടു തോൽക്കുകയായിരുന്നു. ഇതേത്തുടർന്ന് അധികാരം നിലനിർത്താനായി സൈനിക നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് കേസ്. രണ്ട് മുൻ മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരടക്കം ഗൂഢാലോചനയിൽ പങ്കുള്ള ഏഴു പേർക്കും കോടതി ഇന്നലെ വിവിധ ശിക്ഷകൾ നല്കി.
അട്ടിമറിശ്രമം പരാജയപ്പെട്ടെങ്കിലും ബോൾസൊനാരോയുടെ അനുയായികൾ 2023 ജനുവരി എട്ടിന് പാർലമെന്റും സുപ്രീംകോടതിയും പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റതിനു പിന്നാലെയുണ്ടായ കാപിറ്റോൾ കലാപത്തിനു സമാനമായിരുന്നു ഈ സംഭവം. അതുകൊണ്ടുതന്നെ ബോൾസൊനാരോയോട് ട്രംപ് പ്രത്യേക മമത കാണിച്ചിരുന്നു.
ഇന്നലത്തെ ബ്രസീലിയൻ സുപ്രീംകോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു. വിധി അന്യായമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.
വീട്ടുതടങ്കലിൽ കഴിയുന്ന ബോൾസൊനാരോ വിധി കേൾക്കാൻ കോടതിയിലെത്തിയില്ല. ശിക്ഷാ കാലാവധി ഇളയ്ക്കുന്നതിനും ശിക്ഷ വീട്ടുതടങ്കലായി അനുഭവിക്കുന്നതിനും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചേക്കും.