നേപ്പാൾ : സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രി
Saturday, September 13, 2025 2:35 AM IST
കാഠ്മണ്ഡു: സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസാണ് സുശീല കർക്കി.
ഇന്നലെ രാത്രി ഒന്പതിനായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് രാംചന്ദ്ര പൗദേൽ മുന്പാകെയായിരുന്നു സുശീല സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് രാം സഹായ് യാദവ്, ചീഫ് ജസ്റ്റീസ് പ്രകാശ് മാൻ സിംഗ് റാവത്ത് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ അടക്കമുള്ളവരെയും പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചുവെങ്കിലും സുശീല കർക്കിയുടെ പേര് ജെൻ സി നേതാക്കളടക്കം എല്ലാവരും അംഗീകരിക്കുകയായിരുന്നു.
ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പ്രസിഡന്റ് രാംചന്ദ്ര പൗദേൽ, ഉന്നത സൈനിക നേതൃത്വം, ജെൻ സി നേതാക്കൾ എന്നിവർ യോഗം ചേർന്നിരുന്നു. പ്രധാന രാഷ്ട്രീയപാർട്ടികൾ, നിയമവിദഗ്ധർ, പൗര പ്രമുഖർ തുടങ്ങിയവരുമായി പ്രസിഡന്റ് വെവ്വേറെ ചർച്ച നടത്തിയശേഷമായിരുന്നു സുശീല കർക്കിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
ഇതോടെ നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. സുശീല കർക്കിയുടെ നേതൃത്വത്തിൽ ചെറു മന്ത്രിസഭ രൂപവത്കരിക്കും. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശിപാർശ ചെയ്യും. ഇടക്കാല സർക്കാരിന്റെ നേതൃത്വത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തും.
സമൂഹമാധ്യമ നിരോധനത്തിനും അഴിമതിക്കും എതിരേ ജെൻ സി യുവാക്കൾ നടത്തിയ പ്രതിഷേധം വൻ കലാപമായി മാറുകയായിരുന്നു. ജനരോഷത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവയ്ക്കേണ്ടി വന്നു. ഒരു ഇന്ത്യക്കാരി അടക്കം 51 പേരാണു കലാപത്തിനിടെ കൊല്ലപ്പെട്ടത്.
പാർലമെന്റിനും പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ, പ്രമുഖ നേതാക്കൾ എന്നിവരുടെ വസതികൾക്കും പ്രതിഷേധക്കാർ തീവച്ചു. സൈന്യം നിയന്ത്രണമേറ്റെടുത്തതോടെയാണ് കലാപം അടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി നേപ്പാളിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് എഴുപത്തിമൂന്നുകാരിയായ സുശീല കർക്കി. രാജ്യത്തെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റീസുമാണ് ഇവർ. 50 വർഷം മുന്പ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കിൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്പോൾ സുശീല സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല, താൻ നേപ്പാൾ രാഷ്ട്രീയത്തിൽ റിക്കാർഡ് സൃഷ്ടിക്കുമെന്ന്.
2016 ജൂലൈയിലാണ് സുശീല കർക്കി നേപ്പാൾ ചീഫ് ജസ്റ്റീസായത്. 11 മാസം ആ പദവിയിൽ തുടർന്നു. അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തയാളായിരുന്നു സുശീലയെന്ന് മുതിർന്ന അഭിഭാഷൻ ദിനേഷ് ത്രിപാഠി പറയുന്നു.
ഷേർ ബഹാദൂർ ദുബെ സർക്കാരിന്റെ കാലത്ത് സുശീലയ്ക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം വന്നെങ്കിലും പിന്നീട് പിൻവലിച്ചു. തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു ആ നീക്കം.
1952 ജൂൺ ഏഴിന് കിഴക്കൻ നേപ്പാളിലെ ബീരത്നഗറിൽ സാധാരണ കുടുംബത്തിലാണ് സുശീല കർക്കിയുടെ ജനനം. ഇന്ത്യൻ അതിർത്തിയോടു ചേർന്നാണ് ഈ പ്രദേശം. 1975ലാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് സുശീല പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയത്. 1978ൽ നിയമബിരുദം നേടി. നേപ്പാളി കോൺഗ്രസിന്റെ ജനപ്രിയ നേതാവായിരുന്ന ദുർഗാ പ്രസാദ് സുബേദി ആണ് സുശീലയുടെ ഭർത്താവ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിൽനിന്നു വിരമിച്ചശേഷം രണ്ടു പുസ്തകങ്ങൾ സുശീല രചിച്ചു. ‘ന്യായ്’ ആണ് ആത്മകഥ. കാര എന്ന നോവലും ഇവർ എഴുതിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ ദിനപത്രങ്ങളിൽ കോളങ്ങളും എഴുതുന്നു.