ഇറാക്കി ക്രൈസ്തവ യുവാവ് ഫ്രാൻസിൽ കുത്തേറ്റു മരിച്ചു
Sunday, September 14, 2025 2:05 AM IST
പാരീസ്: ഇറാക്കിൽനിന്നു പലായനം ചെയ്തു ഫ്രാൻസിലെത്തിയ ക്രൈസ്തവ യുവാവ് വിശ്വാസത്തെക്കുറിച്ചുള്ള ലൈവ് സ്ട്രീമിംഗിനിടെ കുത്തേറ്റു മരിച്ചു. ഭിന്നശേഷിക്കാരൻകൂടിയായ അഷുർ സർനയ(45) യാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്തിനു രാത്രി 10.30 ഓടെ തെക്കൻ ഫ്രാൻസിലെ ലിയോണിലായിരുന്നു സംഭവം. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തവേയായിരുന്നു കൊലപാതകം. കറുത്ത വേഷത്തിലെത്തിയ മൂന്നുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചന നൽകി.
സഹോദരി ഷോപ്പിംഗിനായി പുറത്തുപോയതിനാൽ വീട്ടിൽ മറ്റാരുമില്ലായിരുന്നു. തത്സമയ സംപ്രേഷണത്തിനിടെ സർനയയുടെ വായിൽനിന്നു രക്തം വരുന്നതും സംസാരം അവ്യക്തമാകുന്നതും ശ്രദ്ധിച്ചതോടെ സുഹൃത്തുക്കൾ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനും പരിസരവാസികൾക്കും കാണാനായത് കുത്തേറ്റ് മരിച്ചുകിടക്കുന്ന സർനയയെയാണ്.
ഇറാക്കിലെ കുർദിസ്ഥാൻ സ്വദേശിയായ അഷുർ സർനയയും കുടുംബവും 2014ൽ ഐഎസ് ഭീകരർ ഇറാക്ക് പിടിച്ചെടുക്കുന്നതിനിടെയാണ് ഫ്രാന്‍സിലേക്കു പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
അസീറിയൻ-കൽദായ കത്തോലിക്ക വിശ്വാസിയായ സർനയ വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസസാക്ഷ്യങ്ങളും പങ്കുവച്ചിരുന്നു.