പലസ്തീൻ രാഷ്ട്രരൂപീകരണം: യുഎൻ പ്രഖ്യാപനം പാസായി
Sunday, September 14, 2025 2:05 AM IST
ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്ര രൂപീകരണം നിർദേശിക്കുന്ന യുഎൻ പ്രഖ്യാപനം വൻ ഭൂരിപക്ഷത്തിൽ പാസായി.
യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ അടക്കം 142 രാഷ്ട്രങ്ങൾ പ്രഖ്യാപനത്തെ പിന്തുണച്ചു. അമേരിക്ക, ഇസ്രയേൽ തുടങ്ങി 10 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ദ്വിരാഷ്ട്ര ഫോർമുലയിലൂടെ പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജൂലൈയിൽ ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ നടന്ന ഉച്ചകോടി അംഗീകരിച്ച ഏഴു പേജു വരുന്ന പ്രഖ്യാപനത്തിന്മേലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.
ഈ മാസം 22ന് ചേരുന്ന സുപ്രധാന യുഎൻ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു വോട്ടെടുപ്പ്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ, ബെൽജിയം തുടങ്ങിയ ഇസ്രേലി മിത്രരാജ്യങ്ങൾ ഈ സമ്മേളനത്തിൽ പലസ്തീന്റെ രാഷ്ട്ര പദവി അംഗീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രേലി സേന ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിക്കിടുന്നതിനെയും ആക്രമിക്കുന്നതിനെയും പ്രഖ്യാപനത്തിൽ അപലപിക്കുന്നുണ്ട്. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെയും അപലപിക്കുന്നു. അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായാണ് പ്രഖ്യാപനത്തെ പിന്തുണച്ചത്. ഹമാസ് ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ് ചൂണ്ടിക്കാട്ടി.
അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രനീക്കങ്ങൾക്കു തുരങ്കംവയ്ക്കുന്നതാണ് പ്രഖ്യാപനമെന്ന് അമേരിക്ക ആരോപിച്ചു. പ്രഖ്യാപനം ഏപകപക്ഷീയമാണെന്ന് ഇസ്രയേലും പറഞ്ഞു.