“അദ്ദേഹത്തിന്റെ ശബ്ദം ഞാൻ നിലനിർത്തും” ചാർലി കിർക്കിന്റെ വിധവ എറിക്ക ചാര്‍ലി
Sunday, September 14, 2025 2:05 AM IST
വാഷിംഗ്ടണ്‍ ഡിസി: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവന്‍സറും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക കിര്‍ക്ക്.
ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് വെള്ളിയാഴ്ചയാണ് എറിക്ക പ്രതികരിച്ചത്. “ചാര്‍ലി എന്നെയും കുട്ടികളെയും വളരെയധികം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാന്‍ പ്രയത്നിച്ച നിയമപാലകര്‍ക്കു നന്ദി.
എന്റെയുള്ളില്‍ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാള്‍ക്ക് ഊഹിക്കാനാകില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാര്‍ലി പ്രസിഡന്റിനെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്റെ ഭര്‍ത്താവ് ചെയ്തിരുന്ന കാന്പസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ ഞാന്‍ ഏറ്റെടുക്കും.
അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. ചെയ്ത എല്ലാ സഹായങ്ങള്‍ക്കും പ്രസിഡന്റ് ട്രംപിനും വൈസ് പ്രസിഡന്റ് വാൻസിനും എല്ലാ അമേരിക്കക്കാർക്കും നന്ദി”-എറിക്ക കിര്‍ക്ക് പറഞ്ഞു.
“സ്നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ” എന്നെഴുതിയ പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് മൗനപ്രാർഥനയ്ക്കുശേഷമാണ് എറിക്ക കിർക്ക് സംസാരിച്ചുതുടങ്ങിയത്.
അച്ഛനെവിടെ എന്ന മകളുടെ ചോദ്യവും അതിനു കൊടുത്ത മറുപടിയും എറിക്ക പങ്കുവച്ചു. “കുഞ്ഞേ, അച്ഛൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ വിഷമിക്കേണ്ട. അദ്ദേഹം യേശുവിനൊപ്പം ഒരു യാത്രയിലാണ്” എന്നാണു മറുപടി നല്‍കിയത്. കുരിശുമാല ധരിച്ച് സംസാരിച്ച എറിക്ക കിർക്ക്, തന്റെ സന്ദേശത്തില്‍ ബൈബിൾ വചനവും ഉദ്ധരിച്ചു.
“ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം” (എഫേസോസ് 5:25) എന്ന വചനമാണു ഭര്‍ത്താവിന്റെ ദീപ്തമായ സ്മരണയ്ക്കൊപ്പം അവള് ഏറ്റുപറഞ്ഞത്.
16 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലെ വിവിധ ഭാഗങ്ങളില്‍ അവര്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണു എറിക്ക സന്ദേശം അവസാനിപ്പിച്ചത്. അതേസമയം, ചാർലി കിർക്കിന്റെ കൊലപാതകിയുടെ പേര് എറിക്ക തന്റെ പ്രസംഗത്തിൽ പരാമർശിച്ചില്ല.
ചാര്‍ലി- എറിക്ക ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്.