ചാർലി കിർക്കിന്റെ സംസ്കാരം 21ന്; ട്രംപ് ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും
Monday, September 15, 2025 2:09 AM IST
ഫീനിക്സ്: കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച അമേരിക്കൻ ഇൻഫ്ലുവൻസറും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാർലി കിർക്കിന്റെ സംസ്കാരം 21ന് പ്രാദേശികസമയം രാവിലെ 11ന് അരിസോണ സംസ്ഥാന തലസ്ഥാനമായ ഫീനിക്സിൽ നടക്കും.
പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സംസ്കാരച്ചടങ്ങായിരിക്കും കിർക്കിന്റേതെന്ന് വിലയിരുത്തപ്പെടുന്നു. 63,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഫീനിക്സിലെ ഗ്ലെൻഡാലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിലായിരിക്കും സംസ്കാരത്തിനുമുന്നോടിയായുള്ള അനുസ്മരണശുശ്രൂഷ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും വൻ ഭൂരിപക്ഷം ലഭിക്കാനിടയാക്കിയത് ചാർലി കിർക്കിന്റെയും അദ്ദേഹം സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെയും പ്രവർത്തനഫലമായാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് അറിഞ്ഞനിമിഷംതന്നെ രാജ്യമെങ്ങും ദേശീയപതാകകൾ പാതി താഴ്ത്തിക്കെട്ടുകയും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം കിർക്കിനു നൽകുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കിർക്കിന്റെ രണ്ടു മക്കളുടെയും ആജീവനാന്ത ചെലവ് ശതകോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ എയർഫോഴ്സ് ടു വിമാനത്തിലെത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ ഉഷ വാൻസും ചേർന്നാണ് കിർക്കിന്റെ ഭൗതികദേഹം ഇതേ വിമാനത്തിൽ അരിസോണ സംസ്ഥാനത്തെ ഫീനിക്സിലേക്കു കൊണ്ടുപോയത്. കിർക്കിന്റെ ഭാര്യ എറിക്ക കിർക്കും മറ്റു കുടുംബാംഗങ്ങളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് യൂട്ടാ കൗണ്ടിയിലെ ഒറേമിലുള്ള യൂട്ടാ വാലി സര്‍വകലാശാലയില്‍ തന്റെ ‘അമേരിക്കൻ കംബാക്ക് ടൂറി’ന്റെ ഭാഗമായി വിദ്യാര്‍ഥികളുമായി സംവാദിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്. കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസൻ എന്ന 22കാരൻ യൂട്ടാ കൗണ്ടി ജയിലിൽ എഫ്ബിഐയുടെ നിരീക്ഷണത്തിലാണ്. നാളെ കോടതിയിൽ ഹാജരാക്കും.
ചാർലി കിർക്കിന്റെ കൊലപാതകത്തിനുശേഷം ഭാര്യ എറിക്ക കിർക്ക് ഇതാദ്യമായി വികാരനിർഭരമായ സന്ദേശവുമായി വെള്ളിയാഴ്ച സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കുമെന്നും ഭര്‍ത്താവ് ചെയ്തിരുന്ന കാന്പസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ താന്‍ ഏറ്റെടുക്കുമെന്നും അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത് അദ്ദേഹത്തിന്റെ ശബ്ദം താന്‍ നിലനിര്‍ത്തുമെന്നും ലൈവ് സ്ട്രീമിംഗിൽ എറിക്ക പറഞ്ഞിരുന്നു.
ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരയുടെ പശ്ചാത്തലത്തിലായിരുന്നു പലപ്പോഴും കണ്ണീർ വാർത്തുള്ള എറിക്കയുടെ സന്ദേശം. കിർക്കിന്റെ വധത്തോടെ അദ്ദേഹത്തിന് അനുകൂലമായ വികാരം അമേരിക്കയിലെങ്ങും അലയടിക്കുകയാണെന്നാണ് റിപ്പോർട്ട്.