നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികൾ: സുശീല കർക്കി
Monday, September 15, 2025 2:09 AM IST
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി യുവാക്കളുടെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തു ലക്ഷം നേപ്പാളി രൂപ ധനസഹായം നല്കുമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റശേഷം സെക്രട്ടറിമാരെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യുകയായിരുന്നു സുശീല കർക്കി.
കലാപത്തിൽ പങ്കെടുത്തവരെയും സർക്കാർ, സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “സെപ്റ്റംബർ ഒന്പതിനുണ്ടായ തീവയ്പും ആക്രമണവും മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ജെൻ സി പ്രതിഷേധക്കാർക്ക് അതിൽ പങ്കില്ല”- സുശീല കർക്കി പറഞ്ഞു. ജെൻ സി നേതാക്കളുടെ ശിപാർശ പ്രകാരമാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസായ സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗദേൽ നിയമിച്ചത്.
സിംഗ്ദർബാർ സെക്രട്ടേറിയറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിഷേധക്കാർ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന്, സിംഗ്ദർബാറിൽ പുതുതായി നിർമിച്ച ആഭ്യന്തര മന്ത്രാലയ മന്ദിരമാണ് പ്രധാനമന്ത്രിയുടെ ഓഫീസായി ഉപയോഗിക്കുന്നത്.
സമൂഹമാധ്യമ നിരോധനത്തെത്തുടർന്ന് തിങ്കളാഴ്ച നേപ്പാളിൽ ആരംഭിച്ച പ്രതിഷേധം സർക്കാർവിരുദ്ധ കലാപമായി മാറുകയായിരുന്നു. ജനരോഷത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളും വീടുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കലാപത്തിൽ ഒരു ഇന്ത്യക്കാരിയടക്കം 72 പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നു പോലീസുകാരും പത്തു തടവുകാരും ഉൾപ്പെടുന്നു.
ജയിൽചാടിയവരിൽ 3,723 പേരെ പിടികൂടി
പ്രക്ഷോഭത്തിനിടെ വിവിധ ജയിലുകളിൽനിന്നു രക്ഷപ്പെട്ട 3723 പേരെ പിടികൂടി. ചില തടവുകാർ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരെ എസ്എസ്ബി പിടികൂടി നേപ്പാളിനു കൈമാറി.
സെപ്റ്റംബർ ഒന്പതിനുണ്ടായ കലാപത്തിനിടെയാണു തടവുകാർ രക്ഷപ്പെട്ടത്. 10,320 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജയിൽ ചാട്ടത്തിനിടെ പോലീസിന്റെ വെടിയേറ്റ് പത്തു പേർ മരിച്ചു.