ബന്ദി മോചനത്തിന് ഏക തടസം നെതന്യാഹു: ബന്ധുക്കൾ
Monday, September 15, 2025 2:09 AM IST
ടെൽ അവീവ്: ഗാസയിലെ ഇസ്രേലി ബന്ദികളുടെ മോചനത്തിന് ഏക തടസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. വെടിനിർത്തലിനു സാധ്യത ഉയരുന്ന സമയത്തെല്ലാം അത് അട്ടിമറിക്കാനായി നെതന്യാഹു ഇടപെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഖത്തറിലെ ഇസ്രേലി ആക്രണമെന്ന് ബന്ദികളുടെ കുടുംബങ്ങൾ ഉൾപ്പെട്ട ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം ചൂണ്ടിക്കാട്ടി.
ബന്ദിമോചനത്തിനും യുദ്ധം അവസാനിക്കുന്നതിനും പ്രധാന തടസമായ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹമാസ് നേതാക്കൾ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അധികാരത്തിൽ കടിച്ചുതൂങ്ങാനായി നെതന്യാഹു ന്യായങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കാൻ സമയമായി എന്നാണു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്. നെതന്യാഹുവിന്റെ തടസംപിടിക്കൽ മൂലം 42 ബന്ദികളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും കസ്റ്റഡിയിൽ തുടരുന്ന ബന്ദികളുടെ ജീവൻ ആപത്തിലായെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്രേലി സേന കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖത്തറിൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ അഞ്ചു നേതാക്കളും ഒരു ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് നെതന്യാഹു പറഞ്ഞു.