നൂറ്റാണ്ടുകള്‍ക്കുശേഷം ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മൃതസംസ്കാരം
Monday, September 15, 2025 2:09 AM IST
ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനുശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസപ്രകാരമുള്ള മൃതസംസ്കാരം നടത്തുന്നു.
1994ൽ കത്തോലിക്കാവിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭ്വി കാതറീൻ ലൂസി മേരി വോർസ്ലിയുടെ മൃതസംസ്കാരമാണ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നാളെ ഉച്ചയ്ക്ക് നടക്കുക.
കത്തോലിക്കാ വിശ്വാസപ്രകാരം നടക്കുന്ന മൃതസംസ്കാര കര്‍മങ്ങളിലും വിശുദ്ധ കുർബാനയിലും ചാൾസ് രാജാവും കാമില രാജ്ഞിയും വിദേശരാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും പങ്കെടുക്കും. കഴിഞ്ഞ നാലിനാണ് 92 വയസുകാരിയായ പ്രഭ്വി വിടവാങ്ങിയത്.
സംസ്കാരത്തിനു മുന്നോടിയായി ഭൗതികദേഹം ഇന്നു വൈകുന്നേരം കത്തീഡ്രലിൽ എത്തിക്കും. തുടർന്ന് പ്രത്യേക പ്രാർഥനകളും വിശുദ്ധ കുർബാനയും നടക്കും. വിംബിൾഡൻ ടെന്നീസ് മത്സരവേദിയിൽ സ്ഥിരം സാന്നിധ്യമായിരുന്ന കാതറീൻ പ്രഭ്വിയാണു പലപ്പോഴും ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചിരുന്നത്.
ജന്മംകൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരുന്നു കാതറിൻ. 1961ൽ കെന്റ് പ്രഭുവും ജോർജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ എഡ്വേർഡ് രാജകുമാരനെ വിവാഹം ചെയ്തു. ലേഡി ഹെലൻ ടെയ്ലർ, നിക്കോളാസ് വിൻഡ്സർ പ്രഭു, ജോർജ് വിൻഡ്സർ എന്നിവരാണു മക്കൾ. 1975ൽ തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കേ, പ്രഭ്വിക്ക് അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭിണിയായിരിക്കേ 36-ാം ആഴ്ചയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു.
രണ്ടു വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് കാതറിൻ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍നിന്നാണ് പ്രഭ്വി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്.
1685ൽ ചാൾസ് രണ്ടാമൻ രാജാവ് മരണക്കിടക്കയിൽ കത്തോലിക്കാവിശ്വാസം സ്വീകരിച്ചിരുന്നു. എന്നാല്‍ ആംഗ്ലിക്കൻരീതിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാസഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരുന്നു. അതിനാല്‍ത്തന്നെ കെന്റ് പ്രഭ്വിയുടെ വിശ്വാസപരിവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.
2022 സെപ്റ്റംബർ എട്ടിന് എലിസബത്ത് രാജ്ഞി വിടവാങ്ങിയശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ ജീവിച്ചിരിക്കുന്ന പ്രായംകൂടിയ അംഗമായിരുന്നു കാതറീൻ.