ചൂളയിൽ മയക്കുമരുന്ന് നശിപ്പിച്ചു; പുക ശ്വസിച്ച് 14 പേർ ആശുപത്രിയിൽ
Monday, September 15, 2025 2:09 AM IST
വാഷിംഗ്ടൺ ഡിസി: നിയമപാലകർ പിടിച്ചെടുത്ത മയക്കുമരുന്ന് ചൂളയിൽ നശിപ്പിക്കുന്നതിനിടെ പുക ശ്വസിച്ച് 14 പേർ ആശുപത്രിയിലായി. അമേരിക്കയിലെ മൊണ്ടാനയിലാണു സംഭവം. യെല്ലോ സ്റ്റോൺ വാലി മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ് ആശുപത്രിയിലായത്. ഇവിടെയുണ്ടായിരുന്ന പട്ടിയും പൂച്ചയും ചേർന്ന് 75 മൃഗങ്ങളെ ഒഴിപ്പിച്ചുമാറ്റി വൈദ്യപരിചരണം നല്കി.
ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ പിടിച്ചെടുത്ത 900 ഗ്രാം മെത്താംഫിറ്റമൈൻ എന്ന മയക്കുമരുന്നാണ് മൃഗസംരക്ഷണ കേന്ദ്രത്തോടുചേർന്നുള്ള ചൂളയിൽ നശിപ്പിച്ചത്. ദയാവധത്തിനിരയാകുന്ന മൃഗങ്ങളെ ദഹിപ്പിക്കാനുള്ള ചൂള, മയക്കുമരുന്നുകൾ നശിപ്പിക്കാനും ഉപയോഗിച്ചിരുന്നു. ചൂളയിലെ പുക പുറത്തേക്കു പോകാനുള്ള സംവിധാനത്തിൽ തകരാറുണ്ടായതാണ് പ്രശ്നകാരണം.