മാർക്കോ റൂബിയോ ഇസ്രയേലിൽ
Monday, September 15, 2025 2:09 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിലെത്തി. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷിയായ ഖത്തറിൽ ഇസ്രയേൽ വ്യോമാക്രണം നടത്തിയ പശ്ചാത്തലത്തിലാണ് റൂബിയോയെ പ്രസിഡന്റ് ട്രംപ് ഇസ്രയേലിലേക്ക് അയച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രരൂപവത്കരണം ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങൾക്കു ബദൽ കണ്ടെത്തലും റൂബിയോയുടെ സന്ദർശന ലക്ഷ്യങ്ങളിലൊന്നാണെന്നു റിപ്പോർട്ടുണ്ട്.
ഇസ്രേലി സേന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രണം അമേരിക്കയെയും പ്രസിഡന്റ് ട്രംപിനെയും ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് റൂബിയോ യാത്ര പുറപ്പെടും മുന്പായി പറഞ്ഞു. എന്നാൽ അമേരിക്ക-ഇസ്രയേൽ ബന്ധത്തെ ആക്രമണം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിന് അമേരിക്കയുടെ സംരക്ഷണം തുടരുമെന്ന് സന്ദർശനത്തിനിടെ ഇസ്രേലി നേതാക്കളെ അറിയിക്കും. അതോടൊപ്പം ഗാസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനുമായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലിന്റെ ഖത്തർ ആക്രമണം എങ്ങനെ ബാധിക്കുമെന്നതും വിശദീകരിക്കും.
യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയെ പുനർനിർമിക്കേണ്ടതുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ ആരു നടത്തും, ആരു പണം മുടക്കം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂബിയോ ഇസ്രയേലിലേക്കു പുറപ്പെടുന്നതിനു മുന്പായി, അമേരിക്കയിലെത്തി ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപ് പിന്നീട് അൽ-താനിക്ക് ന്യൂയോർക്കിൽ അത്താഴവിരുന്ന് നല്കി.