ഇസ്രയേലിനെതിരായ നിലപാടിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ഖത്തർ
Monday, September 15, 2025 2:09 AM IST
ദോഹ: ഇസ്രയേലിനെതിരായ ചില ലോകരാജ്യങ്ങളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രയേലിന്റെ അതിക്രമങ്ങളിൽ ഇരട്ട നിലപാട് പാടില്ലെന്നും ഉന്മൂലനയുദ്ധം വിജയിക്കാൻ പോകുന്നില്ലെന്നും ഇസ്രയേലിനെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ അടിയന്തരമായി വിളിച്ചുചേർത്ത അറബ്, മുസ്ലിം വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗാസ സംഘർഷത്തിൽ ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ മധ്യസ്ഥശ്രമം തുടരുമെന്നു വ്യക്തമാക്കിയ അദ്ദേഹം ആക്രമണംകൊണ്ട് മധ്യസ്ഥശ്രമത്തിൽനിന്നു പിന്തിരിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി. ദോഹയിലെ ഇസ്രേലി ആക്രമണത്തിനു പകരംവീട്ടുമെന്ന സൂചനയും അദ്ദേഹം നൽകി.