ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
Monday, September 15, 2025 2:09 AM IST
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ.
ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്. ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു.
ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.
റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.
70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.