ലോക ചാന്പ്യൻഷിപ്പ്: ഇടിക്കൂട്ടിൽ ഇരട്ട സ്വർണം
Monday, September 15, 2025 1:59 AM IST
ലിവർപൂൾ: ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ സ്വർണ മെഡൽ നേടിയതിനു പിന്നാലെ 48 കിലോഗ്രാം വിഭാഗത്തിൽ മിനാക്ഷിയും സ്വർണം നേടി. നുപുർ ഷിയോറൻ വെള്ളിയും പൂജ റാണി വെങ്കലവും നേടിയതോടെ ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്നലെ നാല് മെഡലുകൾ ലഭിച്ചു.
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ പാരിസ് ഒളിന്പിക്സിലെ വെള്ളി മെഡൽ ജേതാവായ പോളണ്ടിന്റെ ജൂലിയ ഷെർമെറ്റയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ജാസ്മിൻ ലംബോറിയ സർണം നേടിയത്. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജാസ്മിന്റെ സ്വർണനേട്ടം.
തുടക്കത്തിൽ പോളണ്ട് താരത്തിനായിരുന്നു ആധിപത്യം. ഗാലറിയിൽനിന്ന് വലിയ പിന്തുണയും പോളണ്ട് താരത്തിനു ലഭിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ മികച്ച പ്രകടനവുമായി 24കാരിയായ ജാസ്മിൻ മത്സരത്തിലേക്കു തിരിച്ചെത്തി.
ഈ ചാന്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ലോകചാന്പ്യനായതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ലോകചാന്പ്യനാകുന്ന ഒന്പതാമത് ഇന്ത്യൻ ബോക്സറാണ് ജാസ്മിൻ.
വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ കസാക്കിസ്ഥാന്റെ നാസിം കൈസൈബെയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം മീനാക്ഷി സ്വർണം നേടിയത്.മൊത്തം നാല് മെഡലുകളുമായി ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 80 പ്ലസ് കാറ്റഗറിയിൽ വെള്ളി നേടിയ നൂപുർ ഫൈനലിൽ പോളണ്ടിന്റെ അഗത കച്മാർക്സയോടാണു തോൽവി വഴങ്ങിയത്.
ചരിത്രം കുറിച്ച് സർവേഷ്
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് ഹൈജന്പ് പുരുഷ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി സർവേഷ് കുഷാരെ. 29കാരനായ സർവേഷ് യോഗ്യതാ മത്സരത്തിൽ 2.25 മീറ്റർ ഉയരം ചാടിയാണ് ഫൈനലിനുള്ള 12 അത്ലറ്റുകളിൽ ഒരാളായി ചരിത്രം കുറിച്ചത്.

ടോക്കിയോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ചാൻസിലാണ് സർവേഷ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സർവേഷ് 2.16 മീറ്റർ ഉയരം ചാടി തുടക്കമിട്ടു. തുടർന്ന് 2.25 മീറ്റർ ഉയരം താണ്ടി ചരിത്ര യോഗ്യത ഉറപ്പാക്കി. ഒളിന്പിക് ചാന്പ്യൻ ഗിയാൻമാർക്കോ ടാംബേരി 2.21 മീറ്റർ ഉയരം മറികടക്കാനാകാതെ പരാജയപ്പെട്ട് അപ്രതീക്ഷിതമായി മത്സരത്തിൽനിന്ന് പുറത്തായി.
അമൻ സെഹ്റാവത്ത് പുറത്ത്
സാഗ്രെബ്: ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ താരം അമൻ സെഹ്റാവത്ത് പുറത്ത്. അനുവദനീയമായ പരിധിയിൽ ഭാരം നിലനിർത്താൻ സാധിക്കാതിരുന്നതിനാലാണ് താരത്തിന് അയോഗ്യത ലഭിച്ചത്.

ക്രൊയേഷ്യയിലെത്തിയ താരത്തിന് അസുഖം ബാധിച്ചെന്നും 57 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അദ്ദേഹത്തിന് ഭാര പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരിശീലകൻ ലളിത് പ്രസാദ് പറഞ്ഞു. 22കാരനായ അമൻ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു.
ഒരു മാസത്തിനുള്ളിൽ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരം അയോഗ്യയാകുന്ന രണ്ടാം സംഭവമാണിത്. ഓഗസ്റ്റിൽ ബൾഗേറിയയിലെ സമോക്കോവിൽ നടന്ന യു20 വേൾഡ്സിൽ നിന്ന് നേഹ സാങ്വാനെ (വനിതാ 59 കിലോഗ്രാം) അനുവദനീയമായ പരിധിയേക്കാൾ 600 ഗ്രാം കൂടുതൽ ഭാരത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
പാരീസ് ഗെയിംസിൽ വെങ്കലം നേടിയതിനുശേഷം അമൻ ഈ വർഷം ജൂണിൽ നടന്ന ഉലാൻബാതർ ഓപ്പണിൽ വെങ്കലം നേടിയിരുന്നു. സെമിഫൈനലിൽ മെക്സിക്കോയുടെ റോമൻ ബ്രാവോ-യങ്ങിനോടാണ് പരാജയപ്പെട്ടത്.