ലിവർപൂൾ ഒന്നാമൻ
Monday, September 15, 2025 1:59 AM IST
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബോളിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലിവർപൂളിന് ജയം സമ്മാനിച്ച് മുഹമ്മദ് സാലാ. മത്സരത്തിൽ ആധികാരികതയോടെ ലിവർപൂൾ മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോൾ രഹിതമായി മുന്നേറിയ മത്സരത്തിന്റെ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് സാലാ ലക്ഷ്യത്തിലെത്തിച്ചത്.
84-ാം മിനിറ്റിൽ ലെസ് ലി ഉഗോചുക്വാ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബർണ്ലീക്ക് തിരിച്ചടിയായി. പത്തു പേരുമായി ചുരുങ്ങിയതോടെ സമ്മർദം സൃഷ്ടിച്ച ലിവർപൂൾ ഒടുവിൽ പെനാൽറ്റി നേടിയെടുത്തു.ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ നാല് മത്സരത്തിൽ നാല് ജയവുമായി ഒന്നാം സ്ഥാനത്താണ്.
മയാമിക്ക് തോൽവി
മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയെ മൂന്ന് ഗോളിന് വീഴ്ത്തി ഷാർലെറ്റ് എഫ്സി. ഇദാൻ ടോക്ലൊമാറ്റിയുടെ ഹാട്രിക് ഗോളുകളാണ് ലയണൽ മെസിയുടെ മയാമിക്ക് വന്പൻ തോൽവി സമ്മാനിച്ചത്. മത്സരത്തിൽ മെസി പെനാൽട്ടി നഷ്ടപ്പെടുത്തി. മെസി തൊടുത്ത കിക്ക് ഗോൾകീപ്പർ കയ്യിലൊതുക്കി.
32-ാം മിനിറ്റിൽ മയാമിക്ക് കിട്ടിയ അവസരം മെസി നഷ്ടപ്പെടുത്തി രണ്ട് മിനിറ്റുകൾക്ക് ശേഷമായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ ടോക്ലോമാറ്റി നേടിയത്. 47-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ടോക്ലോമാറ്റി പെനാൽട്ടിയിലൂടെ ഹാട്രിക്ക് ഗോൾ സ്വന്തമാക്കിയതോടെ മയാമിയുടെ പതനം പൂർണമായി.