ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ഇന്നു ഫൈനല്‍
Thursday, September 18, 2025 1:39 AM IST
ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താനായി നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും.
തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്ഷിലും സ്വര്‍ണം നേടുക എന്ന ലക്ഷ്യമാണ് നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.53 മുതലാണ് പുരുഷ വിഭാഗം ജാവലിന്‍ത്രോ ഫൈനല്‍ പോരാട്ടം. 2023 ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്.
ആദ്യ ഏറില്‍ യോഗ്യത
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് നീരജിന്റെ വരവ്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറില്‍ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ത്ത് 84.50 മീറ്റര്‍ ആയിരുന്നു.
പാരീസ് ഒളിമ്പിക്സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം നേടിയ പാക്കിസ്ഥാന്റെ അര്‍ഷീദ് നദീമും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അര്‍ഷാദ് നദീം, 85.28 മീറ്റര്‍ ദൂരം കുറിച്ചാണ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
സച്ചിന് യാദവും ഫൈനലിന്
നീരജിനെ കൂടാതെ ഇന്ത്യയുടെ രോഹിത് യാദവ്, സച്ചിന് യാദവ്, യഷ് വീര്‍ സിംഗ് എന്നിവരും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചിരുന്നു. ഇതില്‍ സച്ചിന് യാദവിനു മാത്രമാണ് ഫൈനല്‍ യോഗ്യത ലഭിച്ചത്. 83.67 മീറ്ററാണ് സച്ചിന് യാദവിന്റെ ദൂരം. ആദ്യ 12 സ്ഥാനക്കാര്‍ക്ക് ഫൈനല്‍ ടിക്കറ്റ് ലഭിക്കുമെന്നതിനാല്‍, 10-ാം സ്ഥാനക്കാരനായാണ് സച്ചിന് യാദവിന്റെ വരവ്. രോഹിത് യാദവ് 77.81 മീറ്ററും യഷ് വീര്‍ സിംഗ് 77.51 മീറ്ററുമാണ് കണ്ടെത്തിയത്.
ഗ്രൂപ്പ് എയില്‍ മത്സരിച്ച സച്ചിന് യാദവ്, ആദ്യ ശ്രമത്തില്‍ 80.16 മീറ്റര്‍ കുറിച്ചു. രണ്ടാം ശ്രമത്തിലാണ് 83.67 മീറ്റര്‍ എറിഞ്ഞതും ഗ്രൂപ്പ് എയില്‍ ആറാം സ്ഥാനത്തോടെ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയതും.
യോഗ്യതയില്‍ ആന്ഡേഴ്സണ്
യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത് ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് ആണ്, 89.53 മീറ്റര്‍. ഡയമണ്ട് ഫൈനല്‍സ് ജേതാവായ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 87.21 മീറ്ററുമായി മികച്ച രണ്ടാമത്തെ ദൂരത്തിന് ഉടമയായി. ആന്ഡേഴ്സണ് പീറ്റേഴ്സും ജൂലിയന്‍ വെബ്ബറും രണ്ടാം ശ്രമത്തിലാണ് ഈ ദൂതം കുറിച്ചത്.
അബൂബക്കര്‍, ചിത്രവേല്‍, അനിമേഷ്
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഫൈനല്‍ യോഗ്യതയ്ക്കായി പോരാടിയ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍, അനിമേഷ് കുഴൂര്‍, മലയാളി താരം അബ്ദുള്ള അബൂബക്കര്‍ എന്നിവര്‍ക്കു നിരാശ.
പുരുഷ വിഭാഗം ട്രിപ്പിള്‍ജംപ് യോഗ്യതാ റൗണ്ടില്‍ 16.74 മീറ്റര്‍ ക്ലിയര്‍ ചെയ്ത പ്രവീണ്‍ ചിത്രവേലിനും 16.33 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കറിനും ഫൈനല്‍ ടിക്കറ്റ് ലഭിച്ചില്ല. ഗ്രൂപ്പ് ബിയില്‍ എട്ടാം സ്ഥാനത്തായിരുന്നു പ്രവീണ്‍ ചിത്രവേല്‍. അബ്ദുള്ള അബൂബക്കര്‍ ഗ്രൂപ്പ് എയില്‍ 10-ാം സ്ഥാനത്തും. 17.10 മീറ്ററായിരുന്നു ഫൈനലിനു ള്ള യോഗ്യതാ മാര്‍ക്ക്.
പുരുഷ വിഭാഗം 200 മീറ്ററില്‍ മത്സരിച്ച അനിമേഷിന് 20.77 സെക്കന്‍ഡിലാണ് ഫിനിഷിംഗ് ലൈന്‍ കടക്കാന്‍ സാധിച്ചത്. ഹീറ്റ് മൂന്നില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു അനിമേഷ്.