ഇന്ത്യക്കു നിരാശ
Tuesday, September 16, 2025 2:23 AM IST
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യക്കു നിരാശദിനം. ഇന്ത്യക്കായി മത്സരിച്ച മലയാളി ലോംഗ്ജംപ് താരം മുരളി ശ്രീശങ്കര്‍ അടക്കമുള്ളവര്‍ക്ക് പ്രാഥമിക റൗണ്ട് കടന്നു മുന്നേറാന്‍ സാധിച്ചില്ല.
കാല്‍മുട്ടിനു പരിക്കേറ്റ് ഒരു വര്‍ഷത്തില്‍ അധികം കളത്തിനു പുറത്തായിരുന്ന ശ്രീശങ്കറിന് ഫൈനല്‍ യോഗ്യതാ മാര്‍ക്ക് ആയ 8.15 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. 36 താരങ്ങള്‍ പങ്കെടുത്ത യോഗ്യതയില്‍ 7.78, 7.59, 7.70 എന്നിങ്ങനെയുള്ള പ്രകടനങ്ങളുമായി 25-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മാത്രമേ ശ്രീശങ്കറിനു കഴിഞ്ഞുള്ളൂ.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യക്കായി ട്രാക്കില്‍ ഇറങ്ങിയ പരുള്‍ ചൗധരി, അങ്കിത ധ്യാനി എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായി. 9:31.99 സെക്കന്‍ഡുമായി അങ്കിത ആദ്യ ഹീറ്റില്‍ 10-ാമതും 9:22.24 സെക്കന്‍ഡുമായി പരുള്‍ രണ്ടാം ഹീറ്റില്‍ ഒമ്പതാമതുമാണ് ഫിനിഷ് ചെയ്തത്.
പുരുഷ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.57 സെക്കന്‍ഡുമായി അഞ്ചാം ഹീറ്റില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ തേജസ് ഷിര്സെയ്ക്കു സാധിച്ചുള്ളൂ.