രക്തസാക്ഷികളുടെ ശബ്ദം മായ്ക്കാൻ ആർക്കും കഴിയില്ല: ലെയോ മാർപാപ്പ
Tuesday, September 16, 2025 1:51 AM IST
വത്തിക്കാൻ സിറ്റി: രക്തസാക്ഷികൾ ശാരീരികമായി കൊല്ലപ്പെട്ടവരാണെങ്കിലും ആർക്കും അവരുടെ ശബ്ദം നിശബ്ദമാക്കാനോ അവർ നൽകിയ സ്നേഹം മായ്ക്കാനോ സാധിക്കില്ലെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച കുരിശിന്റെ പുകഴ്ചയുടെ തിരുനാൾദിനത്തിൽ സെന്റ് പോൾ ബസിലിക്കയിൽ നടന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെയും വിശ്വാസസാക്ഷികളുടെയും അനുസ്മരണ’ത്തിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
“രക്തസാക്ഷിത്വം ക്രിസ്തുവുമായുള്ള കൂട്ടായ്മയാണ്. രക്തസാക്ഷികൾ തങ്ങളുടെ രക്തം ചൊരിയുകയും ഈ ത്യാഗത്തിലൂടെ ഒരിക്കൽ അകന്നിരുന്നവരെ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്രൈസ്തവർക്കു ബോധ്യമുണ്ട്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിദ്വേഷം വ്യാപിച്ചതായി തോന്നിയിടത്ത് സുവിശേഷത്തിന്റെ ഈ ധീരരായ ദാസന്മാരും വിശ്വാസത്തിന്റെ രക്തസാക്ഷികളും ‘സ്നേഹം മരണത്തേക്കാൾ ശക്തമാണ്’ എന്നു വ്യക്തമായി തെളിയിച്ചു” -2000-ലെ എക്യുമെനിക്കൽ സമ്മേളനത്തിലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് മാർപാപ്പ കൂട്ടിച്ചേർത്തു.
“ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും വിശ്വാസത്തിന്റെ സാക്ഷ്യം വഹിച്ചതിനാൽ, ഇന്നത്തെ പല ക്രൈസ്തവരും കർത്താവിനെപ്പോലെതന്നെ കുരിശ് വഹിക്കുന്നു. അവനെപ്പോലെ, അവർ പീഡിപ്പിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.” -മാർപാപ്പ പറഞ്ഞു.
ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ സഭകൾ, വിവിധ ക്രിസ്ത്യൻ സമൂഹങ്ങൾ, വത്തിക്കാനിലെ വിവിധ കാര്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കുചേർന്നു.
‘ആധുനിക രക്തസാക്ഷികളുടെ’ പട്ടികയിൽ ആഫ്രിക്ക ഒന്നാമത്
വത്തിക്കാൻ സിറ്റി: വത്തിക്കാൻ കമ്മീഷന്റെ ‘ആധുനിക രക്തസാക്ഷികളുടെ’ പട്ടികയിൽ ആഫ്രിക്ക ഒന്നാമത്. മൂന്നാം സഹസ്രാബ്ദത്തിലെ ക്രിസ്ത്യൻ രക്തസാക്ഷികളെക്കുറിച്ച് പഠിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി 2023ൽ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ‘കമ്മീഷൻ ഓഫ് ന്യൂ മാർട്ടെയേഴ്സി’ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 25 വർഷത്തിനിടെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള 1,600ലധികം പുരുഷന്മാരും സ്ത്രീകളും ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. ഇതിൽ 643 പേർ സബ്-സഹാറൻ ആഫ്രിക്കയിലും 357 പേർ ഏഷ്യ- ഓഷ്യാനിയയിലും 304 പേർ അമേരിക്കയിലും 277 പേർ മിഡിൽ ഈസ്റ്റിലും മഗ്രെബിലും 277 പേരും 43 പേർ യൂറോപ്പിലുമാണ്. ആഫ്രിക്കയിലെ രക്തസാക്ഷികളിൽ കൂടുതൽ പേരും കൊല്ലപ്പെട്ടത് ജിഹാദികളാലോ വംശീയ-രാഷ്ട്രീയ സംഘർഷങ്ങളിൽ അവർ ഇടപെട്ടതിനാലോ ആണ്.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന നൈജീരിയയിൽ ഈ വർഷം ആദ്യ ഏഴു മാസങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ 7,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് ഇതേ കാലയളവിൽ ക്രൈസ്തവരായതിന്റെ പേരിൽ 7,800 പേരെ തട്ടിക്കൊണ്ടുപോയി.
മതതീവ്രവാദം അത്ര അനുഭവിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ ഉൾപ്പെടെ മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രൈസ്തവർ അവരുടെ വിശ്വാസം കാരണം കൊല്ലപ്പെടുന്നു. മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി), പശ്ചിമാഫ്രിക്കയിലെ ബുർക്കിന ഫാസോ എന്നീ രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു.