മ്യാൻമർ പട്ടാളം സ്കൂൾ ആക്രമിച്ചു; 19 വിദ്യാർഥികൾ കൊല്ലപ്പെട്ടു
Monday, September 15, 2025 11:26 PM IST
യാങ്കോൺ: മ്യൻമർ പട്ടാളം വിമത മേഖലയിലെ സ്കൂളിനു നേർക്കു നടത്തിയ വ്യോമാക്രമണത്തിൽ 19 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന റാഖൈൻ സംസ്ഥാനത്തെ സ്കൂളിൽ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായതായി യൂണിസെഫ് സ്ഥിരീകരിച്ചിട്ടുണ്ട്. 15നും 21നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് കൊല്ലപ്പെട്ടതെന്ന് മ്യാൻമർ പട്ടാളത്തിനെതിരേ പോരാടുന്ന ആരാക്കൻ ആർമി എന്ന വിമതസേനയും അറിയിച്ചു.
ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി വിമത പ്രവിശ്യകൾ തിരിച്ചുപിടിക്കാനായി പട്ടാളം ആക്രമണം ശക്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം വിമതർക്കെതിരേ 500 വ്യോമാക്രമണങ്ങളുണ്ടായി. ഇക്കാളയവിൽ 15 സ്കൂളുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.
റാഖൈൻ സംസ്ഥാനത്ത് മാസങ്ങളായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് പട്ടാളം ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചത്. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പട്ടാളത്തിന്റെ നീക്കം കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന ആരോപണം ശക്തമാണ്.