ക്രൈസ്തവർക്കെതിരേ ആർഎസ്എസിന്റെ ആസൂത്രിത നീക്കം
സ്വന്തം ലേഖകൻ
Monday, September 15, 2025 6:39 AM IST
കോട്ടയം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവർക്കെതിരേ കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ ആർഎസ്എസിന്റെ ആസൂത്രിത നീക്കം. ഇതിന്റെ ഭാഗമായാണ് കേസരിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ദീർഘമായ ലേഖനം പ്രസിദ്ധീകരിച്ചത് എന്ന സംശയം ബലപ്പെടുകയാണ്. “ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം” എന്ന ലേഖനത്തിലെ ആവശ്യം നിഗൂഢമായ അജൻഡയാണ് വെളിപ്പെടുത്തുന്നത്. ലേഖനത്തിൽ ഉയർത്തുന്ന നിലപാടുകളെക്കുറിച്ച് ബിജെപിയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടുമില്ല.
“മതംമാറ്റം മൂലം ഹിന്ദു ന്യൂനപക്ഷമാകുന്നു. സ്ഥലങ്ങള്‍ നഷ്ടപ്പെടുന്നു. സ്വതന്ത്ര രാഷ്ട്രവാദവും വിഘടനവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുന്നു. കേരളത്തിന്റെ വടക്ക് മുസ്ലിം സമൂഹവും തെക്ക് ക്രിസ്ത്യന്‍ സമൂഹവും ശക്തിപ്പെടുന്നു. ഹിന്ദുസമൂഹം ദുര്‍ബലരാകുന്നു. 140 നിയോജക മണ്ഡലങ്ങളില്‍ ഇരുപതു മണ്ഡലങ്ങള്‍ ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളാണ്. ഇതുമൂലം ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്.’’ ലേഖനത്തിൽ പറയുന്നു.
ക്രൈസ്തവർ രാജ്യത്ത് മതസ്പർധ വളർത്താൻ ശ്രമിക്കുന്നെന്നും ഭരണഘടനയെ ചോദ്യംചെയ്യുന്നെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യാതൊരടിസ്ഥാനവുമില്ലാതെ ലേഖനത്തിൽ ഉന്നയിക്കുന്നത്. കേരളത്തിലും വിവിധ മാര്‍ഗങ്ങളിലൂടെ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ സര്‍വസീമകളും ലംഘിച്ച് മുന്നേറുകയാണെന്ന് ലേഖനത്തിൽ പറയുന്നു.
ഹെർമൻ ഗുണ്ടർട്ട് മലയാള നിഘണ്ടു ഉണ്ടാക്കിയത് മതപരിവര്‍ത്തനം ത്വരിതപ്പെടുത്താനായിരുന്നുവെന്നും ആർഎസ്എസ് വാരികയിലെ ലേഖനത്തിൽ പറയുന്നുണ്ട്. മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ 2025ലും തുടരുമ്പോള്‍ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണെന്നും ലേഖനത്തിൽ പറയുന്നു.
ഇത്തരത്തിൽ വർഗീയവിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്എസിന്റെ മനസിലിരിപ്പ് തുറന്നുകാട്ടാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തയാറാകുമോയെന്നും നിഷ്പക്ഷമതികൾ ഉറ്റുനോക്കുകയാണ്.
വിഷം പുരട്ടിയ വാക്കുകൾകൊണ്ട് സാമുദായിക സ്പർധ സൃഷ്ടിക്കൽ: ചെന്നിത്തല
തിരുവനന്തപുരം: വിഷം പുരട്ടിയ വാക്കുകൾകൊണ്ട് സാമുദായിക സ്പർധ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമമെന്നും കേസരിയിലെ ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ക്രിസ്ത്യൻ സമുദായത്തെ കൈയിലെടുക്കാൻ അരമനകൾ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയാറാണോ? ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യൻ സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു. ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവർ സ്വന്തം രാജ്യത്തോട് കൂറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകൻ സമർഥിക്കാൻ ശ്രമിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്രവിരുദ്ധർ ആക്കി മാറ്റാനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ നടത്തിയിരിക്കുന്നത്. ലേഖനം ഉടനടി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
“ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല”
തിരുവനന്തപുരം: ആർഎസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ആർഎസ്എസ് മുഖവാരികയായ കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിനു പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്നേഹം. ഛത്തീസ്ഗഡിൽ തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പംനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.