അമീബിക് മസ്തിഷ്കജ്വരം: ഗവേഷണ പ്രബന്ധം സംബന്ധിച്ചു വിവാദം തുടരുന്നു
Monday, September 15, 2025 6:14 AM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത് 2013ലാണെന്നും അന്നത്തെ സർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ലെന്നുമുള്ള ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ഇപ്പോൾ വിവാദം ശക്തമായത്.
ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് മറുവാദം. ഇതോടെ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തെക്കുറിച്ചുള്ള വിവാദം പുതിയ തലത്തിലായി.
മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവച്ചാണ് മന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ഒരു വിഭാഗം ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്.