എൻ.എം. വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
Sunday, September 14, 2025 2:01 AM IST
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു.
എൻ.എം. വിജയന്റെ മകൻ വിജേഷിന്റെ ഭാര്യ പത്മജ ഇന്നലെ ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചായിരുന്നു ഇടതുകൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ആത്മഹത്യക്ക് തുനിഞ്ഞത്. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മജയുടെ മുറിവ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ സുൽത്താൻ ബത്തേരിയിലെ സ്ഥാപനത്തിൽനിന്ന് വീട്ടിലെത്തിയശേഷമാണ് കൈഞരന്പ് മുറിക്കാൻ ശ്രമിച്ചത്. ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ കൈഞരന്പ് മുറിക്കാനുള്ള ശ്രമത്തിനിടെ മകൻ വിജയിയാണ് പത്മജയെ കണ്ടത്. ഉടനെ സ്ഥാപനത്തിലെ ജീവനക്കാരിയെ ഫോണിൽ ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
പത്മജ എഴുതിയ ആത്മഹത്യാക്കുറിപ്പും കിടപ്പുമുറിയിൽ നിന്ന് ലഭിച്ചു. “കൊലയാളി കോണ്ഗ്രസേ, നിനക്കിതാ ഒരു ഇരകൂടി” എന്നാണ് കുറിപ്പിൽ. കത്ത് മകൻ പോലീസിന് കൈമാറി. പോലീസ് പത്മജയുടെ മൊഴിയും രേഖപ്പെടുത്തി.
സാന്പത്തിക ബാധ്യതയും സമ്മർദങ്ങളുമാണ് ആത്മഹത്യക്ക് തുനിഞ്ഞതിനു പിന്നിലെന്നാണ് പോലീസിന് നൽകിയ മൊഴിയിലുള്ളതെന്ന് സംശയിക്കുന്നു.
എൻ.എം. വിജയന്റെ സാന്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് പാർട്ടിയും കുടുംബവുമായി ധാരണാപത്രം തയാറാക്കിയിരുന്നതായും എന്നാൽ ഇത് പാലിച്ചില്ലെന്നും കഴിഞ്ഞദിവസം പത്മജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാന്പത്തികമായ പ്രശ്നങ്ങൾ ഒരുപാട് നാളായി സഹിക്കുന്നതായും ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നും പത്മജ ആശുപത്രയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇതു വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും. കോണ്ഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും പാർട്ടിയുടെ ഔദാര്യം ഇനി ആവശ്യമില്ലെന്നും പത്മജ പറഞ്ഞു.