പഞ്ചായത്ത് അംഗവും കോണ്ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ജീവനൊടുക്കി
Saturday, September 13, 2025 2:27 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഭൂതാനംകുന്ന് വാർഡ് അംഗവും കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടം (55) ജീവനൊടുക്കി. വിഷംകഴിച്ച് കൈഞരന്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ പരിസരവാസികൾ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബത്തേരി താലുക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് പട്ടാണിക്കുപ്പ് ഉണ്ണീശോപള്ളിയിൽ നടക്കും. ഭാര്യ: ഷീജ കൊച്ചുപുരയിൽ പെരിക്കല്ലൂർ കുടുംബാംഗം.
മക്കൾ: അനീഷ (ദുബായ്), ആദർശ് (ബംഗളൂരു). സഹോദരങ്ങൾ: ലില്ലി പാലനിൽക്കുംതടത്തിൽ പാടിച്ചിറ, സിസിലി കാര്യപ്ര വെള്ളമുണ്ട, ചിന്നമ്മ ബംഗളൂരു, ജോണി കടന്പൂർ, ഫാ. മാത്യു (ബേബി സിഎംഐ പൂഞ്ച് കാഷ്മീർ), സജി ബംഗളൂരു.
കോണ്ഗ്രസ് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനെ പോർച്ചിൽ കാറിന് അടിയിൽ സ്ഫോടകവസ്തുക്കളും കർണാടക നിർമിത മദ്യവും വച്ചശേഷം പോലീസിൽ വിവരം നൽകി കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണവിധേയനായിരുന്നു ജോസ് നെല്ലേടം.
ഈ കേസിൽ നിരപരാധിയായ തങ്കച്ചൻ 17 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തനിക്കേതിരേ നടന്ന ഗൂഢാലോചനയിൽ ജോസിനും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയിലെ ഉന്നതരടക്കം ചിലർക്കും പങ്കുണ്ടെന്നു തങ്കച്ചൻ പരസ്യമായി ആരോപിച്ചിരുന്നു.