കുട്ടനാട്ടിലെ വിദ്യാലയങ്ങളിൽ വെള്ളക്കെട്ട്; റിപ്പോര്‍ട്ട് തേടി കോടതി
Friday, September 12, 2025 3:48 AM IST
കൊച്ചി: കുട്ടനാട് മേഖലയിലെ വിദ്യാലയങ്ങള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്നത് ഒഴിവാക്കുന്നതിന് സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
കുട്ടനാട് പാക്കേജ്, ജലഗതാഗതം എന്നിവയുടെ ചുമതലയുള്ള ചീഫ് എന്ജിനിയറെയാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചുമതലപ്പെടുത്തിയത്.
റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും ഇതിലെ ശിപാര്‍ശകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാലു മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടും നല്‍കണം. പഠനം നടത്താന്‍ ആവശ്യമെങ്കില്‍ ചീഫ് എന്‍ജിനിയര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും മാനവശേഷിയും സര്‍ക്കാര്‍ ഒരുക്കിനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വെള്ളക്കെട്ട് പ്രശ്നം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ ബി.ആര്. ബിന്ദുവും വിദ്യാര്‍ഥികളും അയച്ച കത്തിനെത്തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ഹ്രസ്വകാല പരിഹാരങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരാന്‍ കോടതി നിര്‍ദേശിച്ചു.