മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാർഷികം: 16ന് കൊടിയേറും
Friday, September 12, 2025 2:58 AM IST
പത്തനംതിട്ട: മലങ്കര കത്തോലിക്കാസഭ 95-ാം പുനരൈക്യ വാർഷിക ആഘോഷത്തിനും സഭാസംഗമത്തിനും 16ന് അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ പതാക ഉയരും. പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിലാണ് ഇത്തവണത്തെ പുനരൈക്യ വാർഷിക പരിപാടികൾ.
സഭയുടെ വിവിധ രൂപതകളിലും വൈദിക ജില്ലകളിലും നിന്നുമുള്ള പ്രയാണങ്ങൾ 16ന് വൈകുന്നേരം 4.30ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ സംഗമിച്ച് സമ്മേളന നഗറിൽ സമാപിക്കും. തുടർന്ന് സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ്കുമാർ എന്നിവർ ആശംസകൾ അറിയിക്കും. വൈകുന്നേരം 6.30ന് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഗാന സന്ധ്യ.
17 മുതൽ 19 വരെ വൈകുന്നേരം 6.30 ന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ. 17ന് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. 19ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ വിവിധ ഭക്തസംഘടനകളുടെ സംഗമം. അൽമായ സംഗമം മാർ ഈവാനിയോസ് നഗറിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
തട്ട സെന്റ് ആന്റണീസ് പള്ളിയിൽ നടക്കുന്ന യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിനും ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം മാർ ഈവാനിയോസ് നഗറിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
മെത്രാപ്പോലീത്തമാരായ ഡോ. സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സേവേറിയോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തികണ്ടത്തിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് മാർ ഈവാനിയോസ് എന്നിവർ പ്രസംഗിക്കും.
20ന് രാവിലെ 8.15ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാസംഗമം. അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് മൂന്നാമൻ യൗനാൻ പാത്രിയർക്കീസ് ബാവയ്ക്കും സംഘത്തിനും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മറ്റ് ബിഷപ്പുമാർക്കും സ്വീകരണം. തുടർന്ന് ആഘോഷമായ സമൂഹ ബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും.
11.45ന് മാർ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിക്കും. പി.എസ്. ശ്രീധരൻ പിള്ള, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.
ജനറൽ കൺവീനർ വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, ഫാ. വർഗീസ് കൈതോൺ, ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, തോമസ് തുണ്ടിയത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.