മുട്ടത്തു വർക്കിയുടെ സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക് സമ്മാനിക്കും
Friday, September 12, 2025 3:48 AM IST
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപസമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്ക് ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കുന്നു.
കേരളത്തിലെ ക്രൈസ്തവ സാഹിത്യകാരന്മാരുടെയും ക്രൈസ്തവ പത്രപ്രവർത്തകരുടെയും കൂട്ടായ്മയായിരുന്ന കേരള ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ്സ് ഫെല്ലോഷിപ്പ് 1968ൽ സമ്മാനിച്ച അവാർഡാണിത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കംകുറിച്ച “പാടാത്ത പൈങ്കിളി’’ക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്.
16ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ 9.27 ഗ്രാം തൂക്കമുള്ള സുവർണസ്മാരകം സർവകലാശാലയ്ക്ക് സമർപ്പിക്കും. സമർപ്പണ ചടങ്ങ് ജനപ്രിയ സാഹിത്യ ചർച്ചാ സമ്മേളനമായി നടത്താനാണ് സർവകലാശാലയുടെ തീരുമാനം.
ചടങ്ങിൽ പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ചു ദീപിക പ്രസിദ്ധീകരിച്ച വാർഷികപ്പതിപ്പ് പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപ്പതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്.
മുട്ടത്തു വർക്കിയുടെ മരുമകൾ അന്ന മുട്ടത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്യും. സർവകലാശാലയിൽ സാഹിത്യരചനയിലെ മികവിനുള്ള മുട്ടത്തു വർക്കി ഗ്ലോബൽ അവാർഡും ചടങ്ങിൽ സമ്മാനിക്കും.
മുട്ടത്തു വർക്കിയുടെ രണ്ടാമത്തെ മകൻ ജോസഫിന്റെ ഭാര്യ അന്നയ്ക്കാണ് പതക്കം നൽകിയത്. ദക്ഷിണേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു സർവകലാശാലയ്ക്ക് ഇത് നൽകാനായിരുന്നു അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന അന്ന മുട്ടത്തിന് താത്പര്യം.
അമേരിക്കയിലുണ്ടായിരുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവിയോട് ഇക്കാര്യം അന്ന പറഞ്ഞു. തിരൂരിലെ മലയാള സർവകലാശാലയ്ക്ക് നൽകുന്നത് ഉചിതമാകുമെന്നു രതീദേവി അഭിപ്രായപ്പെട്ടു. അന്ന അത് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ മേയിൽ ഇരുവരും നാട്ടിലെത്തി സർവകാലശാലയ്ക്ക് സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, അന്നയ്ക്കുണ്ടായ ശാരീരികപ്രശ്നം മൂലം യാത്ര അസാധ്യമായി. ന്യൂയോർക്കിലെ വീട്ടിലെത്തി അഡ്വ. രതീദേവി സ്വർണപ്പതക്കം ഏറ്റുവാങ്ങി. 16ന് അന്ന മുട്ടത്തിനുവേണ്ടി അഡ്വ. രതീദേവിയായിരിക്കും സുവർണസ്മാരകം സർവകലാശാലയ്ക്ക് സമർപ്പിക്കുക.