പോലീസിൽ ക്രിമിനലുകളുടെ ആധിപത്യം: ചെന്നിത്തല
Friday, September 12, 2025 3:48 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച ഒമ്പതു വർഷം കേരളത്തിലെ പോലീസ് സേന ക്രിമിനൽവത്കരിക്കപ്പെട്ട ഒമ്പതു വർഷങ്ങളായിരുന്നു എന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ക്രിമിനലുകളായ പോലീസുദ്യോഗസ്ഥർക്കു സകല സംരക്ഷണവും നൽകി അവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ വേട്ടയാടിക്കുകയും അഴിഞ്ഞാടാൻ അവസരം നൽകുകയും ചെയ്തതിനു കാരണം മുഖ്യമന്ത്രിക്ക് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ പോയതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകക്കാർ വകുപ്പ് നിയന്ത്രിച്ചതുമായിരുന്നു.
കേരളാ പോലീസ് ആക്ട് 2011 സെക്ഷൻ 24 പ്രകാരം ആഭ്യന്തര മന്ത്രി ചെയർമാനായ സംസ്ഥാന സെക്യൂരിറ്റി കമ്മീഷൻ രൂപീകരിക്കണം. ഇതിൽ നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ കൂടാതെ നോണ് ഒഫീഷ്യലായിട്ടുള്ള പൗരപ്രമുഖരുമുണ്ടാകണം. ഈ കമ്മിറ്റി സ്ഥിരമായി യോഗം ചേരുകയും നയരൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിലവാരം വിലയിരുത്തുകയും വേണം. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി ഈ സെക്യൂരിറ്റി കമ്മീഷൻ ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല.ആഭ്യന്തരമന്ത്രിയുടെ ജോലിയിലുള്ള പിടിപ്പുകേടും താത്പര്യമില്ലായ്മയുമാണിതു കാണിക്കുന്നത്.
പോലീസിനെതിരേ പൊതുജനങ്ങൾക്കുള്ള പരാതികൾ അന്വേഷിക്കാൻ പോലീസ് കംപ്ലയിന്റ് അഥോറിറ്റി രൂപീകരിക്കണം. സംസ്ഥാന സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. മിക്ക ജില്ലകളിലും ജില്ലാ കംപ്ലെയിന്റ് അഥോറിറ്റികൾ ഇല്ല. നിയമവാഴ്ച സമ്പൂർണമായും അവസാനിച്ചു. രാഷ്ട്രീയനേതൃത്വം പോലീസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു.
കാക്കിയുടെ അധികാരം തെറ്റായ കരങ്ങളിൽ വന്നുകയറിയാൽ എന്തൊക്കെ അരാജകത്വം സംഭവിക്കുമോ അതെല്ലാം നടക്കുന്നു. ശക്തമായ അച്ചടക്കനടപടികൾ മുഖം നോക്കാതെ എടുക്കേണ്ട കാലമായിരിക്കുന്നു.
ജനസേവനത്തിലൂന്നിയുള്ള ഒരു പോലീസ് നയം രൂപവത്കരിക്കേണ്ടിയിരിക്കുന്നു. - ചെന്നിത്തല പറഞ്ഞു.