ഫാ. ജെറോം പീടികപ്പറമ്പിലിന് ഇന്ന് യാത്രാമൊഴി
Friday, September 12, 2025 2:58 AM IST
കോട്ടയം: ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍, ജനറല്‍ കൗണ്‍സിലര്‍, സെക്രട്ടറി ജനറല്‍, നവജീവന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ എന്നിങ്ങനെ ബഥനി സന്യാസമൂഹത്തെ 55 വര്‍ഷം സ്തുത്യര്‍ഹ സേവനത്തിലൂടെ ഉയര്‍ച്ചയിലെത്തിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ജെറോമച്ചന് എന്ന എന്ന ഫാ. ജെറോം പീടികപ്പറമ്പില്‍ (90). പെരുമാറ്റത്തിലും പാണ്ഡിത്യത്തിലും ഔന്നിത്യം പുലര്‍ത്തി അനേകം പേരെ വിശ്വാസത്തില്‍ ജ്വലിപ്പിച്ച ശ്രേഷ്ഠവൈദികന്‍.
1953 ജൂലൈ 23ന് ബഥനിയില്‍ അര്ഥിയായി ചേര്‍ന്ന് 1955 ഓഗസ്റ്റ് രണ്ടിനു പ്രഥമ വത്ര വാഗ്ദാനവും 1960 മേയ് 24ന് നിത്യവ്രതവാഗ്ദാനവും നടത്തി. 1963 സെപ്റ്റംബര്‍ 21നു വൈദികനായി. തിരുവല്ല, മൂവാറ്റുപുഴ, പത്തനംതിട്ട, മാവേലിക്കര ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.
അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലും ശുശ്രൂഷ നടത്തിയിട്ടുണ്ട്. തിരുവല്ല, കറ്റാനം, കുമ്പഴ, വെങ്ങോല, കോട്ടയം ജനറലേറ്റ്, മൈലപ്ര മൗണ്ട് ബഥനി, തൈക്കാവ് മൗണ്ട് താബോര്‍, നാലാഞ്ചിറ പ്രൊവിന്‍ഷ്യല്‍ ആശ്രമം, നാലാഞ്ചിറ ദയറ എന്നീ ആശ്രമങ്ങളിലും സേവനമനുഷ്ഠിച്ചു.
റോമില്‍ ഉപരിപഠനകാലത്ത് ജര്‍മനി, സ്വിറ്റ്സര്‍ലൻഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അയര്‍ലൻഡ് എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. ഷിക്കാഗോയില്‍ ആദ്യ മലങ്കര ഷിക്കാഗോ കൂട്ടായ്മ രൂപീകരിച്ചു. ഗള്‍ഫ് മേഖലയില്‍ ദീര്‍ഘകാലം മലങ്കര മിഷന്റെ കോഓര്‍ഡിനേറ്ററായിരുന്നു.
2018 മുതല്‍ നാലാഞ്ചിറ ബഥനി ദയറായില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഇടവകാംഗമായ ഫാ. ജെറോമിന്റെ സംസ്കാരം ഇന്നു രാവിലെ 11.30ന് നാലാഞ്ചിറ ബഥനി ദയറായില്‍ നടക്കും.