സര്‍ക്കാര്‍ തീരുമാനത്തില്‍ കണ്ണുംനട്ട് ജല്‍ജീവന്‍ മിഷന് കരാറുകാര്‍
Friday, September 12, 2025 2:58 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ജല്‍ജീവന്‍ പദ്ധതിക്കായി 8862.95 കോടി രൂപ നബാര്‍ഡില്‍നിന്നു വായ്പയെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതീക്ഷയോടെ കേരളാ ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. ഇപ്പോള്‍ 6,000 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശികയുള്ളത്. അതില്‍ സംസ്ഥാനം 2,600 കോടി രൂപയും കേന്ദ്രം 3,400 കോടിയുമാണ് വിഹിതമായി നല്‍കേണ്ടത്.
ആദ്യഘട്ടമായി 5,000 കോടി രൂപ വായ്പയെടുക്കാന്‍ വാട്ടര്‍ അഥോറിറ്റിയെ അനുവദിച്ചിരിക്കുന്നതിനാല്‍ ഇപ്പോഴുള്ള കുടിശികയുടെയും ഈ വര്‍ഷം പുതുതായി വരുന്ന ബില്ലുകളുടെയും സംസ്ഥാന വിഹിതം സുഗമമായി നല്കാന് കഴിയുമെന്നാണ് കരാറുകാര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍, കേന്ദ്രവിഹിതം നല്കുന്നതില് കേന്ദ്ര ജല്‍ശക്തി വകുപ്പും കേന്ദ്ര ധനവകുപ്പും തികഞ്ഞ നിഷ്ക്രിയത്വമാണ് പുലര്‍ത്തുന്നതെന്ന് കരാറുകാർ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പണം ലഭ്യമാക്കണം. നിലവിലുള്ള 6,000 കോടിയുടെ കുടിശിക ലഭിക്കാതെ പണികള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
ഓരോ കുടിശിക ബില്ലിന്റെയും സംസ്ഥാന വിഹിതമായ 50 ശതമാനം മാത്രം നല്കി കരാറുകാരുടെ പ്രതിസന്ധി പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
ഈ തുക ബാങ്ക് വായ്പയില്‍ തട്ടിക്കിഴിക്കപ്പെടുമെന്നതിനാല് പല കരാറുകാര്‍ക്കും പണമൊന്നും കൈയില്‍ കിട്ടില്ല. അപ്പോള്‍ നിര്‍മാണ നടപടികള്‍ നിലച്ചുതന്നെ കിടക്കും.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായി അറിയപ്പെടുന്ന ജല്‍ജീവന്‍ പദ്ധതിയില്‍ അടിയന്തരമായി കേന്ദ്രവിഹിതം നല്കുന്നില്ലെങ്കില് രാജ്ഭവനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്താന്‍ കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്ന് കേരളാ ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.