ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയുമായി ബിജെപി
Friday, September 12, 2025 3:48 AM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നേതൃത്വം ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മ കോട്ടയത്ത് സംഘടിപ്പിച്ചു. ജില്ലയില്‍നിന്ന് അഞ്ചു പേര് വീതം 150 പേര് പങ്കെടുത്ത യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ക്രൈസ്തവർ നടത്തിയ പ്രതിഷേധത്തിന്റെകൂടി പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം ക്രൈസ്തവ നേതാക്കളുടെ സംഗമം നടത്തിയത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ന്യൂനപക്ഷ മോര്‍ച്ചയുടെ ചുമതലയുമുള്ള ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ഭൂപരിധി ഭേദഗതി നിയമം, വന്യജീവി ആക്രമണം, സംവരണം തുടങ്ങിയവയില്‍ ബിജെപിയുടെ നിലപാടുകള്‍ വിശദീകരിച്ചു. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരേയുണ്ടായ ആക്രമണങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളും വിശദമാക്കി.
ക്രൈസ്തവരുടെ കൂട്ടായ്മയ്ക്കു പുറമേ വരും ദിവസങ്ങളില്‍ വിവിധ സമുദായങ്ങളുടെ കൂട്ടായ്മ, തീരദേശ, മലയോര ജനതകളുടെ കൂട്ടായ്മ, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, മഹിളകള്‍, പട്ടികജാതി എന്നിങ്ങനെ സംഗമങ്ങളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.