തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ. ഇതു സംബന്ധിച്ച ഇ ഗ്രേറ്റ്സ് എന്ന നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇ -ഗേറ്റ്സ് സൗകര്യം ലഭ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ’ പ്രോഗ്രാമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായത്. ഈ നേട്ടം കൈവരിക്കാനായി, പാസ്പോർട്ടുകളും ഒസിഐ കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
https://ftittp.mha.gov.in എന്ന ഓണ്‍ലൈൻ പോർട്ടൽ വഴിയാണ് എഫ്ടിഐടിടിപി നടപ്പാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് പോർട്ടലിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിലോ അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്. ഒപ്പം പാസ്പോർട്ടും സ്കാൻ ചെയ്യണം.
ആഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.