സ്ഥാനമാനങ്ങളിൽ അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ആളെന്നു പ്രതിപക്ഷ നേതാവ്
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: അധികാരം ദൈവാനുഗ്രഹമെന്നു വിശ്വസിച്ചിരുന്ന ആളും സ്ഥാനമാനങ്ങളിൽ ഒരിക്കലും അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ആളുമായിരുന്നു പി.പി. തങ്കച്ചനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കിട്ടിയ അവസരം മനുഷ്യർക്ക് ഉപകാരം ചെയ്യാൻ ഉപയോഗിക്കണമെന്ന നിഷ്കർഷ ഉണ്ടായിരുന്നയാൾ. ആർക്കെങ്കിലും ഉപകാരം ചെയ്യാനായില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്നു നിർബന്ധമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു പി.പി. തങ്കച്ചൻ എന്ന മനുഷ്യസ്നേഹിയും നിഷ്കളങ്കനുമായ പൊതുപ്രവർത്തകൻ.
"തങ്കം പോലൊരു തങ്കച്ചൻ' പെരുമ്പാവൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ പലവട്ടം കേട്ട മുദ്രാവാക്യം പോലെ വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പി.പി. തങ്കച്ചൻ തനിത്തങ്കമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി.പി. തങ്കച്ചന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിനു നഷ്ടമായത് കർമധീരനായ നേതാവിനെയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെപിസിസി ആക്ടിംഗ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായി പാർട്ടിയെയും മുന്നണിയെയും അദ്ദേഹം ഏറെനാൾ നയിച്ചതായും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
പ്രാദേശികതലത്തിൽനിന്നു പടിപടിയായി ഉയർന്ന് സംസ്ഥാന നേതൃതലത്തിലെത്തിയ വ്യക്തിയായിരുന്നു പി.പി. തങ്കച്ചനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വിവാദങ്ങളിൽ പെടാതെ സൗമ്യനായി രാഷ്ട്രീയരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പി.പി. തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
നിയമസഭാധ്യക്ഷൻ എന്ന നിലയിൽ തനിക്കു മുന്നേ ആ പദവിയിലിരുന്നു മാതൃകാപരമായി സഭയുടെ അധ്യക്ഷത വഹിച്ച പി.പി. തങ്കച്ചൻ ഗുരുതുല്യനാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. എല്ലാ പ്രവര്‍ത്തകരെയും ഒന്നിച്ചുനിര്‍ത്താന്‍ തങ്കച്ചനു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ പരിണിതപ്രജ്ഞനായ നേതാവിനെയാണ് പി.പി. തങ്കച്ചന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുൻ വര്‍ക്കിംഗ് കമ്മിറ്റിയംഗവും മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന പി.പി. തങ്കച്ചന്റെ ദേഹവിയോഗത്തിലൂടെ സഭയ്ക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണു സംഭവിച്ചതെന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ തുടങ്ങിയവരും അനുശോചിച്ചു.