യോഗേഷ് ഗുപ്തയുടെ അന്വേഷണം ചീഫ് സെക്രട്ടറി അന്വേഷിക്കും
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരിക്കേ സർക്കാർ അനുമതിയില്ലാതെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറി അടക്കമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം തുടങ്ങിയ ഡിജിപി യോഗേഷ് ഗുപ്തയുടെ നടപടിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ.
യോഗേഷ് ഗുപ്തയുടെ നടപടികൾ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നേരിട്ട് അന്വേഷിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ യോഗേഷ് ഗുപ്ത അന്വേഷണം നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു സർക്കാർ അന്വേഷണം നടത്തുന്നത്.
കേന്ദ്ര ഡെപ്യൂട്ടേഷനായി എൻഒസി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിനെതിരേ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ യോഗേഷിനെതിരേ നടക്കുന്ന അന്വേഷണ വിവരം സർക്കാർ ട്രൈബ്യൂണലിനെ അറിയിക്കും.
മന്ത്രി കെ.ബി. ഗണേഷ് കുമാർ ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിലും എ. ജയതിലക്, ധന അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ നടത്തിയ ചില ഫയലുകളുമായി ബന്ധപ്പെട്ട വീഴ്ചകളുമാണ് അന്വേഷിക്കാൻ വിജിലൻസ് മേധാവിയായിരിക്കേ യോഗേഷ് ഗുപ്ത നിർദേശിച്ചത്. മനോജ് ഏബ്രഹാം വിജിലൻസ് മേധാവിയായ ശേഷം ഈ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചിരുന്നു. നിലവിൽ ഫയർഫോഴ്സ് ഡയറക്ടറാണ് യോഗേഷ് ഗുപ്ത.