വേടനെതിരേ ഗൂഢാലോചന സംശയിച്ച് കുടുംബം; മുഖ്യമന്ത്രിക്കു പരാതി നല്കി
Friday, September 12, 2025 3:48 AM IST
കൊച്ചി: റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണെന്നു കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്കു പിന്നില്‍.
വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്കി. വേടന്റെ സഹോദരന് ഹരിദാസാണു പരാതി നല്‍കിയിട്ടുള്ളത്.
പരാതിയുമായി വന്നിട്ടുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാണോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം. നിലവിലേതുപോലെ മറ്റു പരാതികളും പരിഗണിക്കാന്‍ തുടങ്ങിയാല്‍ തന്റെ സഹോദരന് സ്ഥിരം കുറ്റവാളിയാണെന്ന് നിയമത്തിനും സമൂഹത്തിനും മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെടും. ഈ വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടോയെന്നു കണ്ടുപിടിക്കണം.
കുറ്റവാളിയായി ചിത്രീകരിച്ച് കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയാൻ രാഷ്ട്രീയമായോ അല്ലാതെയോ വലിയതോതില്‍ ഗൂഢാലോചന നടക്കുന്നതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ സഹോദരന് ആരോപിച്ചു.
കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.