സമുദ്രോത്പന്ന കയറ്റുമതി മേഖലയിൽ പുതുപ്രതീക്ഷ; 102 സ്ഥാപനങ്ങള്‍ക്കുകൂടി യൂറോപ്യന്‍ യൂണിയന് അംഗീകാരം
Friday, September 12, 2025 2:58 AM IST
കൊച്ചി: യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്കുകൂടി അംഗീകാരം.
അമേരിക്കന്‍ തീരുവയടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയെ സഹായിക്കുമെന്നാണു പ്രതീക്ഷ.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയനീക്കത്തോടെ 538ല്‍നിന്ന് 604 ആയി ഉയര്‍ന്നു.
വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന്‍ സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിക്കുന്നതോടെ വിദേശനാണ്യ ശേഖരവും വര്‍ധിക്കും.
ഇന്ത്യന്‍ സമുദ്രോത്പന്ന മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണു തീരുമാനം.
സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെയും (മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെയും (ഇഐസി) ശ്രമങ്ങളും നേട്ടത്തിനു പിന്നിലുണ്ടെന്ന് എംപിഇഡിഎ ചെയര്മാന് ഡി.വി. സ്വാമി പറഞ്ഞു.