അമീബിക് മസ്തിഷ്കജ്വരം: ഒരു മരണംകൂടി
Friday, September 12, 2025 3:48 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശിയായ ഷാജി (47)ആണു മരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് മരി ച്ചവർ ആറായി. ഷാജിയെ ഓഗസ്റ്റ് ഒമ്പതിനാണു ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ആദ്യ രണ്ടു ദിവസം സാധാരണ വാര്‍ഡിലായിരുന്നു. രോഗം സ്ഥിരീകരിച്ചശേഷം ഐസിയുവിലേക്കു മാറ്റി. ആദ്യത്തെ രണ്ട് ദിവസം മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. പിന്നീട് ചെറിയ തോതില്‍ പ്രതികരിച്ചിരുന്നു. സ്കാനിംഗില്‍ തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിനു പുറമേ കരള്‍സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ ഷാജിയുടെ തലയ്ക്കു പരിക്കേറ്റിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാകാം ഷാജിക്ക് അണുബാധയുണ്ടായതെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
അവസാന ദിവസങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. അതിനിടെ, ഷാജിക്ക് രോഗം ബാധിച്ച ഉറവിടംകണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടരുകയാണ്. ഷാജി താമസിക്കുന്ന പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധിച്ചിരുന്നു. വെള്ളം ശുദ്ധമാണെന്നായിരുന്നു പരിശോധനാഫലം.