സീരി റൂബി ജൂബിലി നിറവില്‍: റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍; സുറിയാനിക്കുവേണ്ടി സമര്‍പ്പിതമായ ജീവിതം
Friday, September 12, 2025 2:58 AM IST
റെജി ജോസഫ്
കോട്ടയം: ആഗോള സുറിയാനി പഠന ഗവേഷണകേന്ദ്രമായ സീരി റൂബി ജൂബിലിയുടെ നിറവില്‍. മുന്‍നിര സുറിയാനി പണ്ഡിതരുടെ അധ്യാപന കേന്ദ്രമാ യ, ജ്ഞാനസമ്പന്നമായ ലൈബ്രറിയും ആറാം നൂറ്റാണ്ടു മുതലുള്ള പുരാതന സുറിയാനി രചനകളുടെ അപൂര്‍വ ശേഖരവുള്ള സീരിയുടെ കരുതലാളാണ് ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍.
തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ ചുമതലയിലുള്ള പഠനകേന്ദ്രം കേരളത്തിലെ സുറിയാനി സഭകളുടെ എക്യുമെനിക്കല്‍ സംരംഭം കൂടിയാണ്. ഒന്‍പതു ലോകഭാഷകളില്‍ പ്രിവീണ്യത്തോടെ ഫ്രാന്‍സിലും ജര്‍മനിയിലും ഉള്‍പ്പെടെ സുറിയാനി പഠനവും ഗവേഷണവും നടത്തി നാലു പതിറ്റാണ്ടിലെ അധ്യാപനത്തിലൂടെ ആചാര്യഗുരുശ്രേഷ്ഠ പദവിക്ക് യോഗ്യനായ റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ (83) ദീപികയോട്.
വളര്‍ച്ചയുടെ പടവുകള്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിൽ ഉയര്‍ന്ന എക്യുമെനിസം എന്ന ചിന്തയുടെ ഫലപ്രാപ്തിയാണ് സീരി. പൈതൃക പൗരാണിക സുറിയാനി ഭാഷാപഠനവും പോഷണവും ലക്ഷ്യമാക്കി കാലം ചെയ്ത ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവയുമാണ് ഇങ്ങനൊരു ചിന്തയുടെ തുടക്കക്കാര്‍. ബേക്കര്കുന്നില് തിരുവല്ല അതിരൂപതയുടെ വക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 40 വര്‍ഷം പിന്നിടുമ്പോള്‍ സ്വദേശികളും വിദേശികളുമായ രണ്ടായിരത്തില്പരം പേരുടെ പഠനകേന്ദ്രമായി.
1980ല്‍ ആര്‍ച്ച്ബിഷപ് സിറിള്‍ മാര്‍ ബസേലിയോസിന്റെ താത്പര്യത്തിലാണ് ഈ മന്ദിരം പണിതീര്‍ത്തത്. 1985ല്‍ സുറിയാനി പഠനം ആരംഭിച്ചു. 1995ല്‍ പിജി കോഴ്സ് തുടങ്ങി. താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളുണ്ടായി. വൈകാതെ മഹാത്മാഗാന്ധി യൂണിവേഴ്സിയുടെ ബിരുദ, ബിരുദാനന്തര, ഗവേഷണ കേന്ദ്രമായി. ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്. എംജിയിലെ നിരവധി വൈസ് ചാന്‍സലര്‍മാര്‍ സീരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും കരുതലും പകര്‍ന്നു.
സുറിയാനിയുടെ പ്രസക്തി
സുറിയാനി ചരിത്ര, സംസ്കാര, വിശ്വാസ, അനുഷ്ഠാനങ്ങളുടെയും പൗരസ്ത്യ പ്രാര്‍ഥനകളുടെയും മൂലഭാഷയാണ്. കേവലം ആരാധനാക്രമമോ പ്രാര്‍ഥനയോ സംഗീതമോ അല്ല മറിച്ച് സുറിയാനി ചരിത്ര സംസ്കൃതികൂടിയാണ്. മാര്‍ അപ്രേം, മാര്‍ അദ്ദായി, മാര്‍ മാറി തുടങ്ങിയ കിഴക്കന്‍ പൗരസ്ത്യ സഭാ സന്യാസ പണ്ഡിതരുടെ സുറിയാനി സംഭാവനകള്‍ കൈമോശം വരാന്‍ പാടില്ല. പാശ്ചാത്യ നാടുകളായ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര സര്‍വകലാശാലകളിലെല്ലാം സുറിയാനി പഠന, ഗവേഷണ കേന്ദ്രമുണ്ട്.
സീരി ലൈബ്രറിക്കു പിന്നില്‍
എട്ടു വര്‍ഷം ഫ്രാന്‍സിലെ പാരീസ് കാത്തലിക് യൂണിവേഴ്സിറ്റിയിലും ജര്‍മനിയിലും മറ്റും പഠിച്ച വേളയില്‍ അത്യപൂര്‍വ ഗ്രന്ഥങ്ങളും കൈയെഴുത്തുകളും അവിടത്തെ ഗവേഷണ കേന്ദ്രങ്ങളില്‍ കാണാനായി. അനുമതിയോടെ ആയിരക്കണക്കിന് പേജുകളുടെ ഫോട്ടോസ്റ്റാറ്റ് ശേഖരിച്ചു.
ആറാം നൂറ്റാണ്ടു മുതലുള്ള സുറിയാനി കൈയെഴുത്തു പ്രതികളുടെയും കോപ്പികള്‍ ലഭിച്ചു. അക്കാലത്തെ ആശ്രമങ്ങളില്‍ സന്യാസികളുടെ കൈയെഴുത്ത് സുറിയാനി കുര്‍ബാന, ബൈബിള്‍ തുടങ്ങിയവയുടെ കോപ്പികളും അതില്‍പെടും. എഴുത്തു മാത്രമല്ല വരച്ച അതിമനോഹര ചിത്രങ്ങളും അവയിലുണ്ട്. അച്ചടി കണ്ടുപിടിച്ച കാലത്തെ സുറിയാനി രചനകളും കരസ്ഥമാക്കി. ഇത്തരത്തില്‍ ഒന്നോ രണ്ടോ കോപ്പികള്‍ മാത്രം ശേഷിക്കുന്ന സുറിയാനി ശേഷിപ്പുകള്‍ ഇന്നു സീരിയുടെ വലിയ കരുതലാണ്. വലിയ അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണിത്.
സീരിയുടെ നേട്ടങ്ങള്‍
പശ്ചിമേഷ്യയില്‍നിന്നും യൂറോപ്പില്‍നിന്നും ചൈനയില്‍നിന്നു വരെയും വിദ്യാര്‍ഥികളെത്തി പഠിക്കുന്നു. എംജി യൂണിവേഴ്സിറ്റി നല്കുന്ന ബിരുദം ആഗോളതലത്തില്‍ അംഗീകാരമുള്ളതാണ്. നിരവധി പേര് ഇവിടെ പിഎച്ച്ഡി നേടി വിദേശ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്നു. വൈദികരും കന്യാസ്ത്രീകളും മാത്രമല്ല നൂറുകണക്കിന് അല്മായര് ഇവിടെ പഠനവും ഗവേഷണവും നടത്തുന്നു. വിവിധ സുറിയാനി സഭകളിലെ നിരവധി ബിഷപ്പുമാര്‍ സീരിയിലെ പൂര്വവിദ്യാര്ഥികളാണ്.
മികച്ച ഫാക്കല്‍റ്റിയും ഗ്രന്ഥങ്ങളുടെ അമൂല്യമായ ശേഖരവും ഇവിടെയുണ്ട്. സുറിയാനി പ്രാര്‍ഥനകളും പാട്ടുകളും അര്‍ഥമറിയാതെ കാണാതെ പഠിക്കുന്നതില്‍ കാര്യമില്ല. സുറിയാനി സംസാരഭാഷയാണ്. ഉച്ചാരണം വ്യത്യസ്തമാണ്. വിവിധ ഭാഷകളിലെ ഒട്ടേറെ പദങ്ങള്‍ ആവിര്‍ഭവിച്ചത് സുറിയാനിയില്നിന്നാണ്. ഇത്തരത്തില്‍ ഒരു സമഗ്രപഠനകേന്ദ്രമായി സീരി വളര്‍ന്നു.