മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ പ്രഖ്യാപിച്ചു
Friday, September 12, 2025 2:58 AM IST
തിരുവല്ല: മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. ബോധിസാത്വ ഹസ്ര (ധൻബാദ് ഐഐടി, ഐഎസ്എം അസിസ്റ്റന്റ് പ്രഫസർ), ഡോ. റിതേഷ് കുമാർ, (റൂർക്കി ഐഐടി, അസിസ്റ്റന്റ് പ്രഫസർ) എന്നിവർക്കാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.
17നു വൈകുന്നേരം അഞ്ചിന് തിരുവല്ല, മാർത്തോമ്മാ സഭാ കൗൺസിൽ ചേംബറിൽ നടക്കുന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മാനിക്കും.
അവാർഡ് കമ്മിറ്റി ചെയർമാൻ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യവും യുവജനങ്ങൾക്കുള്ള സാധ്യതകളും എന്ന വിഷയം അടിസ്ഥാനമാക്കി ഡോ. എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തും.
സമർഥരായ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ്, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവയും നൽകും. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി.എസ്. ജോർജ് ഉപഹാരം മഞ്ഞാലുംമൂട് സ്നേഹതീരത്തിന് സമ്മാനിക്കും.