പി.പി. തങ്കച്ചന് അന്തരിച്ചു
Friday, September 12, 2025 3:48 AM IST
കൊച്ചി: മുന്‍ സ്പീക്കറും മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് (88) അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അന്ത്യം.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് അങ്കമാലി അകപ്പറന്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ. മൃതദേഹം ഇന്നു രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.
അങ്കമാലി നായത്തോട് ജനിച്ച പി.പി. തങ്കച്ചൻ 1982 മുതൽ തുടർച്ചയായി നാലു തവണ പെരുമ്പാവൂർ എംഎൽഎയായിരുന്നു. 28-ാം വയസിൽ പെരുന്പാവൂർ നഗരസഭാ ചെയർമാനായി. അന്നു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷനെന്ന ഖ്യാതി അദ്ദേഹത്തിനായിരുന്നു.
1982ല്‍ എറണാകുളം ഡിസിസി പ്രസിഡന്റായിരിക്കെ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 95 വരെ നിയമസഭാ സ്പീക്കറായി. 1995ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി. 13 വര്‍ഷം യുഡിഎഫ് കണ്‍വീനർ, കെപിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാർക്കറ്റ് ഫെഡ് ചെയർമാൻ, റബർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ടി.വി. തങ്കമ്മ ചേലാട് തക്കിരിക്കല് കുടുംബാംഗം. മക്കള്‍: വര്‍ഗീസ്, ഡോ. രേഖ (പെരിന്തല്‍മണ്ണ, മൗലാന ആശുപത്രി), ഡോ. രേണു (ഷാര്‍ജ), മരുമക്കള്‍: ഡെമിന വര്‍ഗീസ്, ഡോ. സാമുവല്‍ കോശി, ഡോ. തോമസ് കുര്യന് (ഷാര്‍ജ).