ബ്ലൂ ഇക്കണോമി കോണ്‍ക്ലേവ്: 29 യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് മന്ത്രി
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാമ്പത്തികവളർച്ചയിലൂടെയുള്ള സുസ്ഥിരവികസനവും നീല സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ബ്ലൂ ടൈഡ്സ് കേരള യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവിൽ 29 യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
സംസ്ഥാന ഫിഷറീസ് വകുപ്പും കേന്ദ്രസർക്കാരും യൂറോപ്യൻ യൂണിയനും ചേർന്ന് ‘രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം 18, 19 തീയതികളിൽ കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്.
ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ പങ്കെടുക്കുന്ന പരിപാടിയിൽ 17 യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിനകം പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെന്നു സജി ചെറിയാൻ പറഞ്ഞു.
കേരളത്തിന്റെ പദ്ധതികളിൽ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തം തേടുന്നതിനായി വിദേശ പ്രതിനിധികൾക്കു മുന്നിൽ അവതരിപ്പിക്കും. കേരളത്തിന്റെ തീരദേശവുമായി ബന്ധപ്പെട്ട മേഖലകൾക്ക് പ്രയോജനപ്രദമായ പദ്ധതികളാകും വിവിധ സർക്കാർ വകുപ്പുകൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻലൻഡ്, ഫ്രാൻസ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലോവേനിയ, സ്വീഡൻ, ഡെന്മാർക്ക്, ബൾഗേറിയ, ഓസ്ട്രിയ, മാൾട്ട, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം, റുമേനിയ, ജർമനി എന്നിവയാണ് പരിപാടിയിൽ പങ്കാളിത്തം സ്ഥിരീകരിച്ച രാജ്യങ്ങൾ.