ഭൂമി ഏറ്റെടുക്കല്‍ അഴിമതി; ജലീലിനെതിരായ തെളിവ് പുറത്തുവിടുമെന്ന് ഫിറോസ്
Friday, September 12, 2025 3:48 AM IST
കോഴിക്കോട്: മന്ത്രിയായിരിക്കേ നടത്തിയ ഗുരുതര അഴിമതി പുറത്തുവരാന്‍ പോകുന്നതിലെ വെപ്രാളമാണ് തനിക്കെതിരേ കെ.ടി. ജലീല്‍ ആരോപണമുന്നയിക്കുന്നതിനു പിന്നിലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മലയാള സര്‍വകലാശാലയുടെ ഭൂമി എറ്റെടുക്കലില്‍ ജലീലിന്റെ പങ്കു വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്‍ ഉടന്‍ പുറത്തുവിടും.
അഴിമതി പുറത്തുവന്നാല്‍ തലയില്‍ മുണ്ടിട്ടു പുറത്തുനടക്കേണ്ടി വരുമോ എന്ന വെപ്രാളമാണു ജലീലിനുള്ളത്. അതിനാലാണ് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ജലീല്‍ പറയുന്നതെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിംഗ് എല്‍സിസി എന്ന കമ്പനിയിലൂടെ ഫിറോസ് നടത്തുന്നത് റിവേഴ്സ് ഹവാലയാണോ എന്ന ചോദ്യവുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍ സമൂഹമാധ്യമത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദേഹം.
"ബിസിനസ് ചെയ്യുന്ന ആളാണ്. അതില്‍ അഭിമാനം ഉണ്ട്. നിയമവിരുദ്ധമായ ബിസിനസല്ല നടത്തുന്നത്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവര്‍ത്തകരോടു പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലയ്ക്ക് തൊഴില്‍ ചെയ്യണം എന്നാണ് പറയാനുള്ളത്.
ബന്ധു നിയമന കേസ് പുറത്തു വന്നപ്പോള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു പറഞ്ഞ ആള് മന്ത്രിസ്ഥാനം രാജിവച്ചിട്ടും പൊതുപ്രവര്‍ത്തനം നിര്‍ത്തിയില്ല. ബിസിനസില്‍ പങ്കാളി ആക്കാന്‍ ആരുടെയും രാഷ്ട്രീയം നോക്കേണ്ട.
വിദേശത്തുള്ള കമ്പനിയില്‍ എത്ര ആള് വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യം. അതൊക്കെ എന്തിനു ജലീലിനോട് പറയണമെ ന്നും ഫിറോസ് ചോദിച്ചു.