പോലീസ് ലോഗോ ഉപയോഗിച്ചും സൈബർ തട്ടിപ്പ്
Friday, September 12, 2025 3:48 AM IST
കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള വാട്സാപ് നമ്പറുകളില്‍നിന്ന് സന്ദേശങ്ങള്‍ അയച്ചും സൈബര്‍ സാമ്പത്തിക തട്ടിപ്പ്.
ഇ- ചെലാന്‍ ഫൈന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടു പോലീസിന്റെ ഔദ്യോഗിക ലോഗോ ഡിസ്പ്ലേ പിക്ചറായിട്ടുള്ള വാട്സാപ് അക്കൗണ്ടില്‍നിന്ന് മെസേജ് വരുന്നതോടെയാണു തട്ടിപ്പിന്റെ തുടക്കം.
ഇങ്ങനെയുള്ള നമ്പറുകള്‍ പരിശോധിച്ചാല്‍ ട്രാഫിക് പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത ലോഗോ കാണാം. ഇതു വിശ്വാസ്യത വര്‍ധിപ്പിക്കും. വരുന്ന മെസേജിനൊപ്പം പണം പിഴയായി അയച്ചുകൊടുക്കേണ്ട ലിങ്കുമുണ്ടാകും. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ പ്ലേസ്റ്റോറിലേക്ക് പോകുകയും ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.
ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ അക്കൗണ്ടില്‍നിന്ന് പണവും മറ്റു വിവരങ്ങളും തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. നിലവില്‍ സൈബര്‍ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നാണു പോലീസിന്റെ മുന്നറിയിപ്പ്.
സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറിലേക്കു വിളിച്ചോ www. cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം.