നാലുവർഷ ബിരുദം; സെമസ്റ്റർ പരീക്ഷകൾ നവംബർ മൂന്നു മുതൽ
Friday, September 12, 2025 2:58 AM IST
തൃശൂർ: കഴിഞ്ഞ വർഷം ആരംഭിച്ച നാലുവർഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ അക്കാദമിക് കലണ്ടർ അനുസരിച്ച് നവംബർ മൂന്നു മുതൽ 18 വരെ നടത്താനും ഡിസംബർ 15 നകം റിസൾട്ട് പ്രഖ്യാപിക്കാനും നാലുവർഷ ബിരുദ അവലോകനയോഗത്തിൽ തീരുമാനമായതായി മന്ത്രി പ്രഫ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
ചോദ്യബാങ്ക് തയാറാക്കുന്ന പ്രവർത്തനങ്ങൾ ചില സർവകലാശാലകൾ ആരംഭിച്ചു. ഏതെങ്കിലും കാരണവശാൽ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതിരുന്നാലും നവംബറിൽത്തന്നെ പരീക്ഷകൾ നടത്താനുള്ള മുൻകരുതലുകളെടുക്കും. ചോദ്യബാങ്ക് തയാറാക്കാൻ എഐ സോഫ്റ്റ്വേർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചനടന്നു. കൃത്യമായ സ്ക്രൂട്ടിനിയോടെ സർവകലാശാലകൾ ഇതിനു സംവിധാനമൊരുക്കും- മന്ത്രി പറഞ്ഞു.
സിലബസുമായി ബന്ധപ്പെട്ടും അധ്യാപകപരിശീലനം സംബന്ധിച്ചും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സർവകലാശാലകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പദ്ധതികൾ തീരുമാനിച്ചിരുന്നതു സമയബന്ധിതമായി നടപ്പാക്കും.
ഡിസംബറിനകം സർവകലാശാലകൾക്കു കീഴിലുള്ള മുഴുവൻ കോളജുകളിലെയും അധ്യാപകർക്കു കരിക്കുലത്തിലെ മാറ്റങ്ങളെ സംബന്ധിച്ചും എഐ അടക്കമുള്ള പഠനരീതികൾ സംബന്ധിച്ചും പരിശീലനം നൽകാൻ സർവകലാശാലകൾ നടപടികൾ സ്വീകരിക്കും. മേജർ- മൈനർ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റും സർവകലാശാല റെഗുലേഷനിൽ വിദ്യാർഥികൾക്കു നൽകിയിട്ടുള്ള എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പോർട്ടൽ നടപ്പാക്കും.
സംസ്ഥാനതലത്തിൽ നടക്കുന്നതുപോലെ സർവകലാശാലാതലത്തിലും എല്ലാ മാസവും അവലോകനം നടത്തും. നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ വിദ്യാർഥികൾക്കു ഗ്രേസ് മാർക്കും ക്രെഡിറ്റും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അവലോകനയോഗത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വിവിധ സർവകലാശാലാ രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കറ്റ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.