ന്യൂനപക്ഷ വികസനത്തിന് കൊച്ചിയിൽ സെമിനാർ
Friday, September 12, 2025 3:48 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ വികസനവുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ കൊച്ചിയിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖ നേതാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
ന്യൂനപക്ഷ സെമിനാറിന്റെ സംഘാടക സമിതി രൂപീകരണത്തിന് എറണാകുളത്തെ എംഎൽഎ കെ.ജെ. മാക്സിയെ ചുമതലപ്പെടുത്തി. ന്യൂനപക്ഷ സംഗമമായി ഇതിനെ വളർത്തുകയാണു ലക്ഷ്യമിടുന്നത്. എന്നാൽ, ന്യൂനപക്ഷ സംഗമമായല്ല, സെമിനാറായാണ് കൊച്ചിയിൽ നടത്തുന്നതെന്നു സർക്കാർ പ്രതിനിധികൾ പറഞ്ഞു.
ഓഗസ്റ്റ് 27നു നടന്ന മന്ത്രിസഭായോഗത്തിൽ 2031ലെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെ കുറിച്ച് ആശയം ശേഖരിക്കാൻ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
33 സെമിനാറുകളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വികസന വിഷയത്തിലും സെമിനാർ സംഘടിപ്പിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അയ്യപ്പ സംഗമത്തിനു പിന്നാലെ സർക്കാർ ന്യൂനപക്ഷ സംഗമം നടത്താൻ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് സർക്കാർ വിശദീകരണം.