വോട്ടര്‍പട്ടിക തീവ്രപരിഷ്കരണ നീക്കത്തില്‍ ദുരൂഹത: ജോസ് കെ. മാണി
Friday, September 12, 2025 2:58 AM IST
കോട്ടയം: വോട്ടര്‍പട്ടിക തീവ്രപരിഷ്കരണം രാജ്യവ്യാപകമായി നടത്താനുള്ള ഇലക്ഷന് കമ്മീഷന്റെ നീക്കത്തില്‍ അടിമുടി ദുരൂഹതയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
ബിഹാറില്‍ നടത്തിയ വോട്ടര്‍പട്ടിക തീവ്രപരിഷ്കരണത്തിലൂടെ 65 ലക്ഷം വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശം നഷ്ടമായത്. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ ഇപ്പോഴും നടക്കുകയാണ്. ഇതിന്റെ അന്തിമ വിധി വരുന്നതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍പട്ടിക തീവ്രപരിഷ്കരണം നടത്താനുള്ള നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
1987 ജൂലൈ ഒന്നിന് മുന്‍പ് ജനിച്ചവര്‍ അവരുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റടക്കം രേഖയായി നല്‍കണമെന്നതാണ് ഇലക്ഷന് കമ്മീഷന്റെ നിര്‍ദേശം. ഇതിനായി 11 രേഖകളുടെ പട്ടികയാണ് കമ്മീഷന് നല്‍കിയിരിക്കുന്നത്.
2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ബിഹാര്‍ ആവര്‍ത്തിക്കുമോയെന്ന ഭയപ്പാടാണ് ജനങ്ങള്‍ക്കുള്ളതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.