പെരുന്പാവൂരിന്റെ സ്വന്തം തങ്കച്ചൻ
Friday, September 12, 2025 2:58 AM IST
ഷിജു തോപ്പിലാൻ
പെരുമ്പാവൂർ: അങ്കമാലിയിലായിരുന്നു ജനനമെങ്കിലും പി.പി. തങ്കച്ചൻ എന്ന നേതാവിന്റെ ജൈത്രയാത്രകളുടെ തുടക്കം പെരുന്പാവൂരിലായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനെന്ന ഖ്യാതിയോടെ 28-ാം വയസിൽ അദ്ദേഹം പെരുന്പാവൂരിന്റെ നഗരപിതാവായപ്പോൾ ഉജ്വലമായൊരു രാഷ്ട്രീയതേരോട്ടത്തിന്റെ തുടക്കമായിരുന്നു അത്. 12 വർഷം ചെയർമാനെന്ന നിലയിൽ പെരുമ്പാവൂർ നഗരത്തിന്റെ പുരോഗതിയിൽ പങ്കുവഹിച്ചു.
ഇടതുപക്ഷത്തെ എ.പി. കുര്യനെതിരേ 1977ൽ അങ്കമാലിയിൽ മത്സരിച്ചതാണ് ആദ്യത്തെ നിയമസഭാപോരാട്ടം. അപ്രാവശ്യവും 1980ൽ കുന്നത്തുനാട്ടിലും പരാജയം രുചിച്ച തങ്കച്ചൻ പക്ഷേ തളർന്നില്ല.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽനിന്ന് 1982ൽ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. എറണാകുളം ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു ലഭിച്ചതിൽ ഏറ്റവും കൂടുതൽ വോട്ട് നൽകിയാണ് പെരുമ്പാവൂരുകാർ അദ്ദേഹത്തെ നിയമസഭയിലേക്കയച്ചത്.
1987ൽ വിജയം ആവർത്തിച്ചു. 1991ലെ തന്റെ തുടർച്ചയായുള്ള മൂന്നാമൂഴത്തിൽ അദ്ദേഹം കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായി. നാലാം വർഷത്തിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ കൃഷിമന്ത്രിയായി.
1996ൽ അദ്ദേഹം നാലാമതും നിയമസഭയിലേക്കെത്തി. 2001ലും 2006ലും പരാജയം നേരിട്ടത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി സംഘടനാപ്രവർത്തനങ്ങളിൽ സജീവമായി.
മുസ്തഫയ്ക്കു പിന്നാലെ തങ്കച്ചനും; മാഞ്ഞത് രണ്ടു മഹാരഥന്മാർ
പെരുമ്പാവൂർ: പി.പി. തങ്കച്ചന്റെ വിയോഗത്തോടെ പെരുമ്പാവൂരിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മഹാരഥനും വിടവാങ്ങി. മുൻ മന്ത്രി ടി.എച്ച്. മുസ്തഫയും പെരുന്പാവൂരിന്റെ മണ്ണിൽ വിജയചരിത്രമെഴുതിയ നേതാവാണ്.
ഇരുവരും തമ്മിലുള്ള സൗഹൃദം പതിറ്റാണ്ടുകൾക്കു മുമ്പുള്ളതുമാണ്. പരസ്പര സഹകരണത്തോടെ ഇരുവരും ചേർന്ന് പെരുമ്പാവൂരിന്റെ സമഗ്രവികസനത്തിനു പ്രയത്നിച്ചത് എന്നും സ്മരിക്കപ്പെടുന്നു.
1968ൽ തന്നെ മുനിസിപ്പൽ തെരഞ്ഞെടുപ്പിലേക്കു മത്സരിപ്പിക്കുന്നതിനും ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കുന്നതിനും ടി.എച്ച്. മുസ്തഫ വഹിച്ച പങ്ക് പി.പി. തങ്കച്ചൻ പലവേദികളിലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങളിലൂടെ പിൽക്കാലത്ത് ഇരുവരും രണ്ടു പക്ഷങ്ങളിലായെന്നതും ചരിത്രം.