പോലീസ് മർദനം തുടർക്കഥ; ശ്വാസകോശത്തിനു ഗുരുതര പരിക്കേറ്റ് ഓട്ടോഡ്രൈവർ; ശസ്ത്രക്രിയ ഇന്ന്
Friday, September 12, 2025 3:48 AM IST
തൃശൂർ: കുന്നംകുളത്തിനും പീച്ചിക്കും പിന്നാലെ അന്തിക്കാടുനിന്നും മറ്റൊരു പോലീസ് മർദന പരാതി. ഓട്ടോ ഡ്രൈവറായ അരിന്പൂർ സ്വദേശി അഖിൽ യേശുദാസ് (28) ആണ് അന്തിക്കാട് എസ്ഐ ആയിരുന്നഅരിസ്റ്റോട്ടിൽ, സിപിഒമാരായ മഹേഷ്, വിനോദ് എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
2024 സെപ്റ്റംബർ 30നു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയതു താനാണെന്നുപറഞ്ഞു മർദിക്കുകയുമായിരുന്നുവെന്ന് അഖിൽ പറയുന്നു. അതു താനല്ലെന്നു പലതവണ പറഞ്ഞിട്ടും പോലീസ് കേട്ടില്ല. മർദിച്ച് അവശനാക്കുകയായിരുന്നു. എസ്ഐയുടെ മോതിരം മൂക്കിൽകൊണ്ട് രക്തം വരികയും ചെയ്തു.
പിന്നീട് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ യഥാർഥ പ്രതിയെ കിട്ടിയപ്പോൾ പോലീസ് വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയും കേസുമായി മുന്നോട്ടുപോയാൽ കഞ്ചാവുകേസിലും മറ്റും പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഖിൽ വെളിപ്പെടുത്തി.
ശ്വാസകോശത്തിനു ഗുരുതരപരിക്കേറ്റ അഖിൽ ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് ഇപ്പോൾ അഖിലിനെ വീണ്ടും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് അഖിലിന്റെ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട്, ഇതു തന്റെ മരണമൊഴിയായി കണക്കാക്കണമെന്ന മുഖവുരയോടെയാണ് അഖിൽ മർദനവിവരങ്ങൾ വെളിപ്പെടുത്തിയത്.
പോലീസ് തന്റെ മകന്റെ ജീവിതം തകർത്തെന്ന് അഖിലിന്റെ അമ്മ പരാതിപ്പെട്ടു. പ്രായമായ മാതാപിതാക്കളാണ് ഇപ്പോൾ മകനെ നോക്കുന്നത്. വലിയ തുകതന്നെ അഖിലിന്റെ ചികിത്സയ്ക്കായി വേണ്ടിവരുന്നുണ്ടെന്നും ഓട്ടോ ഓടിച്ചാണ് താൻ തുക കണ്ടെത്തുന്നതെന്നും അഖിലിന്റെ പിതാവ് പറഞ്ഞു. വീട് പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നതെന്നും ഇവർ പറഞ്ഞു.